നൃത്തം ചെയ്യാൻ അറിയാത്ത നയൻതാരയ്ക്ക് ഷീലാമ്മ പറഞ്ഞുകൊടുത്ത രഹസ്യം- ഇന്നും നടിയുടെ വിജയമന്ത്രം!

May 19, 2022

തെന്നിന്ത്യൻ സിനിമയുടെ താരമായി മാറിയ നയൻതാര ഒരു മലയാളിയാണെന്നതും മലയാളം ടെലിവിഷനിലും സിനിമയിലുമാണ് തന്റെ കരിയർ ആരംഭിച്ചതെന്നുമുള്ളത് കേരളത്തിന് എന്നും അഭിമാനമാണ്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വന്ന നയൻതാരയ്ക്ക് ആദ്യ ചിത്രത്തിൽ തന്നെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. മലയാളത്തിന്റെ സ്വന്തം ഷീലാമ്മ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയത് മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമ നയൻതാരയുടെ ജീവിതത്തെ മാറ്റിമറിച്ചതിനെ കുറിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ് ഷീല.

മുൻപും നയന്താരയോടുള്ള ഇഷ്ടം ഷീല പങ്കുവെച്ചിട്ടുണ്ട്. ഡയാന കുര്യൻ നയൻതാര ആയതിന് പിന്നിൽ ഷീലയുമുണ്ടായിരുന്നു. ഹിന്ദിയിൽ വലിയ താരമാകുമ്പോൾ ഞങ്ങളൊക്കെ താഴെ നിന്ന് നയൻതാര എന്ന് ഉറക്കെ വിളിക്കും, അപ്പോൾ കൈവീശി കാണിക്കണം എന്നൊക്കെ പറഞ്ഞ് നടിയെ കളിയാക്കുമായിരുന്നു എന്ന് ഷീലാമ്മ പറയുന്നു. വർഷങ്ങൾക്കിപ്പുറം പല പരിപാടികളിലും കാണാറുണ്ട് എന്നും അന്ന് മനസ്സിനക്കരെ സിനിമയിൽ കണ്ടപ്പോൾ എങ്ങനെയാണോ പെരുമാറിയത് അതേപോലെ തന്നെയാണ് ഇപ്പോഴും എന്നും എന്തൊരു സുന്ദരിയാണ് നയൻതാര എന്നും ഷീല പറയുന്നു.

അതുപോലെ ഷീല പറഞ്ഞുകൊടുത്ത ഒരു ടിപ്പ് ഇപ്പോഴും നയൻതാര കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും നടി പറയുന്നു. സിനിമയിൽ വന്ന സമയത്ത് നയൻതാരയ്ക്ക് നൃത്തം വശമില്ലായിരുന്നു. ഡാൻസ് മാസ്റ്റർ എന്തിനാണ് ഇത്രയും പ്രയാസമേറിയ സ്റ്റെപ്പുകൾ തരുന്നതെന്നും എന്തുചെയ്യുമെന്നുമൊക്കെ ആ സമയം നയൻ‌താര ഷീലയോട് ആശങ്ക പങ്കുവയ്ക്കുമായിരുന്നു. സ്റ്റെപ്പുകൾ കണ്ടു ഭയക്കേണ്ടെന്നും മുഖത്ത് ചിരി നിറച്ച് ആ കുറവ് മറികടക്കാം എന്നും ഷീല പറഞ്ഞുകൊടുത്തു. ഇപ്പോഴും നയൻതാരയുടെ നൃത്ത വിഡിയോകൾ കണ്ടാൽ അതേപോലെതന്നെ ചിരിയോടെ നിൽക്കുന്നത് കാണാം എന്നും ഷീല പങ്കുവയ്ക്കുന്നു.

Read Also: ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും എത്തിയ താരം തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയായി മാറി.

Story highlights- sheela about nayanthara