ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങി സിഎസ്കെ; ചെന്നൈക്കിത് ജീവന്മരണ പോരാട്ടം, പ്രതീക്ഷയില്ലാതെ മുംബൈ
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും. ടൂർണമെന്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകൾ കൂടിയാണ് ഇരുവരും. ഐപിഎല്ലിലെ എൽ ക്ലാസിക്കോ പോരാട്ടമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത് അഭിമാന പോരാട്ടമായാണ് ആരാധകർ കാണുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ സീസണുകളിലൊക്കെ ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു മുംബൈ-ചെന്നൈ മത്സരം.
എന്നാൽ ഈ സീസണിൽ ഇരു ടീമുകളും പരിതാപകരമായ അവസ്ഥയിലാണ്. പോയിന്റ് ടേബിളിൽ ഏറ്റവും താഴെയാണ് ഇരു ടീമുകളുടെയും സ്ഥാനം. മുംബൈ പത്തും ചെന്നൈ ഒൻപതും സ്ഥാനങ്ങളിലാണ് നില്ക്കുന്നത്. പതിനൊന്ന് മത്സരങ്ങളിൽ ഒൻപതിലും തോറ്റ മുംബൈയുടെ പ്ലേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചു. ഏഴ് കളി തോറ്റ ചെന്നൈയും അവസാന നാലിലെത്താനുള്ള സാധ്യത വളരെക്കുറവാണ്. ഇന്നത്തെ മത്സരത്തിൽ തോൽക്കുകയാണെങ്കിൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അതോടെ പൂർണമായും അവസാനിക്കും.
ബാറ്റർമാരിൽ വലിയ പ്രതീക്ഷയാണ് ചെന്നൈക്കുള്ളത്. ഓപ്പണർമാരായ ഡെവൺ കോൺവേയും ഋതുരാജ് ഗെയ്ക്വാദും തിരികെ ഫോമിലേക്കെത്തിയത് ചെന്നൈക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. പരുക്ക് പറ്റിയ രവീന്ദ്ര ജഡേജ ഇന്നത്തെ മത്സരത്തിൽ കളിക്കുകയില്ല. നായകൻ ധോണി കൃത്യ സമയത്ത് നിർണായകമായ ബാറ്റിംഗ് പുറത്തെടുക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് സിഎസ്കെ ടീമും ആരാധകരും.
അതേ സമയം സൂര്യകുമാർ യാദവ് പുറത്തായത് മുംബൈക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ഇഷാൻ കിഷനും മികച്ച സ്കോർ കണ്ടെത്തിയില്ലെങ്കിൽ മുംബൈയുടെ കാര്യം പരുങ്ങലിലാവും.
Read More: പകരം വീട്ടി നേടിയ ജയവുമായി ഡൽഹി; രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനം വൈകും
ഈ സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ചെന്നൈ മൂന്ന് വിക്കറ്റിന് മുംബൈയെ തോൽപിച്ചിരുന്നു. മുംബൈയുടെ 155 റൺസ് അവസാന പന്തിലാണ് ചെന്നൈ മറികടന്നത്.
Story Highlights: Mumbai won the toss and chose to field against chennai