‘എന്നെന്നും മനസ്സിൽ ചേർത്തുവയ്ക്കുന്ന യാത്ര’- കമൽഹാസനൊപ്പമുള്ള ചിത്രവുമായി നരേൻ
വിക്രം സിനിമയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. കമൽഹാസൻ നായകനായി എത്തുന്ന ചിത്രത്തിൽ ഒട്ടേറെ മലയാള താരങ്ങളും അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കേരളത്തിലേക്ക് എത്തിയ കമൽഹാസന് വൻ വരവേൽപ്പായിരുന്നു ഫ്ളവേഴ്സ് ടിവി ഒരുക്കിയത്.
വിക്രം സിനിമയിലെ അഭിനേതാക്കളെയും മറ്റു മലയാള താരങ്ങളെയും അണിനിരത്തി ഒരുക്കിയ നായകനേ ഉലകം എന്ന പരിപാടിയും വളരെ ശ്രദ്ധേയമായി. നെടുമ്പാശേരിയിൽ നിന്നും മണീട് സ്റ്റുഡിയോയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ കമൽഹാസനൊപ്പം യാത്ര ചെയ്യാൻ നിരവധി താരങ്ങൾക്ക് സാധിച്ചു. അതിലൊരാളാണ് നരേൻ. ഇപ്പോഴിതാ, കമൽഹാസനൊപ്പം യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നരേൻ.
‘എന്നെന്നും മനസ്സിൽ ചേർത്തുവയ്ക്കുന്ന യാത്ര’ എന്ന കുറിപ്പിനൊപ്പമാണ് ഹെലികോപ്റ്റർ യാത്രയുടെ ചിത്രം നടൻ പങ്കുവെച്ചത്. അതേസമയം ഉലകനായകൻ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂണ് 3 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
വിക്രം’ എന്ന സിനിമ ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . റിപ്പോർട്ടുകൾ അനുസരിച്ച് ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഒരു യുവ വേഷത്തിൽ 66-കാരനായ കമൽ ഹാസൻ എത്തും. ടീം അതിനായി ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ യാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാവും ഡി-ഏജിംഗ് സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.
ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ശിവാനി നാരായണൻ, കാളിദാസ് ജയറാം, നരേൻ, ആന്റണി വർഗീസ്, അർജുൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽഹാസന്റെ നിർമ്മാണത്തിൽ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.
Story highlights- narein about helicopter journey with kamalhassan