‘ഒരു നാളിതാ’..-പ്രണയം പങ്കുവെച്ച് ജയസൂര്യയും ആത്മീയയും; ‘ജോൺ ലൂഥർ’ ഗാനം

May 19, 2022

ജയസൂര്യ നായകനായ ‘ജോൺ ലൂഥർ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷണൽ ടീസറുകളും ഗാനങ്ങളും പ്രേക്ഷകരിലേക്ക് എത്തിത്തുടങ്ങി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ്, സിദ്ധിഖ് എന്നിവർ വേഷമിടുന്ന ‘ഒരു നാളിതാ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഒരു റൊമാന്റിക് ഗാനമാണിത്. വിനായക് ശശികുമാറിന്റെ വരികൾക്ക് നജീം അർഷാദും നാരായണി ഗോപനും ഈണം പകർന്നിരിക്കുന്നു.

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ‘ജോൺ ലൂഥർ’ ഒരു ത്രില്ലർ ചിത്രമാണെന്നാണ് സൂചന. ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടറായാണ് ജയസൂര്യ എത്തുന്നത്. ജോൺ ലൂഥർ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. ജോൺ ലൂഥർ അന്വേഷിച്ച രണ്ട് ക്രൈം കേസുകളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറുന്നത്.

ചിത്രത്തിന്റെ ട്രെയിലർ നേരത്തെ ലോഞ്ച് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഒരു അപകടത്തെത്തുടർന്ന് കേൾവിക്കുറവ് അനുഭവിക്കുന്ന ജോൺ ലൂഥർ എന്ന പോലീസുകാരനായി ജയസൂര്യ വേഷമിടുന്നതായി ട്രെയ്‌ലർ സൂചിപ്പിക്കുന്നു.ഏറെ നാളുകൾക്ക് ശേഷം ജയസൂര്യ ത്രില്ലറുമായി എത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷ ഏറെയാണ്.

ദീപക്, സിദ്ദിഖ്, ദൃശ്യ രഘുനാഥ്, ആത്മീയ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നാറിലെ ദേവികുളത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിൽ ക്യാമറ കൈകാര്യം ചെയ്ത റോബി വർഗീസ് രാജാണ് ജോൺ ലൂഥറിന്റെ ഛായാഗ്രാഹകൻ. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് വിഭാഗത്തിന് നേതൃത്വം നൽകിയ ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

അതേസമയം, നിരവധി ചിത്രങ്ങളാണ് ജയസൂര്യ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. നാദിർഷയുടെ സാധാരണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോമഡിയ്ക്ക് പകരം ത്രില്ലർ സ്വഭാവമുള്ള ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് ഈശോ. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Story highlights- ‘Oru Naalithaa’ song from Jayasurya’s ‘John Luther’