‘പെൺപൂവേ, തേൻവണ്ടേ..’- ഉള്ളുതൊട്ട് ‘സീത രാമം’ സിനിമയിലെ ഗാനം

May 10, 2022

മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയ മികവുകൊണ്ട് ശ്രദ്ധ നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ തെലുങ്ക് ചിത്രമൊരുങ്ങുകയാണ്. സീത രാമം എന്നുപേരുനൽകിയിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ‘പെൺപൂവേ, തേൻവണ്ടേ..’ എന്നുതുടങ്ങുന്ന ഗാനരംഗത്ത് ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് അഭിനയിച്ചിരിക്കുന്നത്.

ദുൽഖർ സൽമാനൊപ്പം രശ്‌മിക മന്ദാനയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

കാശ്മീരില്‍വെച്ചാണ് പുതിയ ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

അതേസമയം, വെബ് സീരിസിൽ വേഷമിടുന്ന തിരക്കിലാണ് ദുൽഖർ സൽമാൻ.ഫിലിം മേക്കർ ജോഡികളായ ‘രാജ് & ഡികെ’ എന്നറിയപ്പെടുന്ന രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്ന് സംവിധാനം ചെയ്ത ‘ഗൺസ് & ഗുലാബ്സ്’ എന്ന വെബ് സീരിസിലൂടെയാണ് ദുൽഖർ തുടക്കമിടുന്നത്. ദുൽഖർ സൽമാനു പുറമെ വെബ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരാണ്.

Story highlights- penpoove song from sita ramam