ധവാന്റെയും റബാഡയുടെയും തോളിലേറി പഞ്ചാബ്; ഗുജറാത്തിനെതിരെ വിജയം 8 വിക്കറ്റിന്

May 4, 2022

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ മികച്ച വിജയം നേടി പഞ്ചാബ് കിങ്‌സ്. 16 ഓവറിൽ വെറും 2 വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം പഞ്ചാബ് മറികടന്നത്. 53 പന്തിൽ 62 റൺസുമായി പുറത്താകാതെ നിന്ന ശിഖർ ധവാന്റെ കരുത്തിലാണ് പഞ്ചാബ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.

നേരത്തെ പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്‍സെടുത്തത്. 50 പന്തിൽ 64 റൺസെടുത്ത സായ് സുദർശന്റെ മികവിലാണ് ഗുജറാത്ത് പഞ്ചാബിനെതിരെ 144 റൺസ് വിജയലക്ഷ്യം ഉയർത്തിയത്.

തുടക്കം മുതൽ ഗുജറാത്തിന് ബാറ്റിംഗ് തകർച്ചയായിരുന്നു. സ്‌കോർ 44 ൽ എത്തുന്നതിന് മുൻപ് തന്നെ ടീമിന് ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്ലിനെയും വൃദ്ധിമാന്‍ സാഹയെയും ഒപ്പം നായകൻ ഹർദിക് പാണ്ഡ്യയെയും നഷ്ടമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയക്കും റാഷിദ് ഖാനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

പഞ്ചാബിനായി 4 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 4 വിലപ്പെട്ട വിക്കറ്റുകൾ പിഴുത കാഗിസോ റബാഡയാണ് ഗുജറാത്തിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. റബാഡയ്ക്കൊപ്പം സന്ദീപ് ശർമയും ഋഷി ധവാനും ലിവിംഗ്‌സ്റ്റണും പഞ്ചാബ് ബൗളിംഗ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

Read More: മിന്നൽ മാലിക്ക്; ‘തല’ ധോണിക്കെതിരെ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. തോറ്റെങ്കിലും 10 കളിയിൽ നിന്ന് 16 പോയിന്റുള്ള ഗുജറാത്ത് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമതുള്ളത്. ജയത്തോടെ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി.

Story Highlights: Punjab won by 8 wickets against gujarat