ബാറ്റിംഗ് തകർച്ച നേരിട്ട് ബാംഗ്ലൂർ; രാജസ്ഥാന് 158 റൺസ് വിജയലക്ഷ്യം

May 27, 2022

കഴിഞ്ഞ കളിയിലെ പ്രകടനത്തിന് സമാനമായ മികവ് പുറത്തെടുത്ത രജത് പടിദാറിനും ബാംഗ്ലൂരിനെ കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. തുടക്കത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ബാംഗ്ലൂർ അവസാന ഓവറുകളിൽ വമ്പൻ തകർച്ചയാണ് നേരിട്ടത്. 58 റൺസെടുത്ത പടിദാറിന്റെ മികവിലാണ് ബാംഗ്ലൂർ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ് അടിച്ചു കൂട്ടിയത്.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടിറങ്ങിയ ആർസിബിക്ക് രണ്ടാം ഓവറില്‍ തന്നെ മുൻ നായകൻ വിരാട് കോലിയെ നഷ്ടമായി. 7 റൺസെടുത്ത കോലി പ്രസീദ് കൃഷ്‌ണയുടെ പന്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് പുറത്തായത്.

കോലി പുറത്തായതിന് ശേഷം ക്രീസിൽ ഒത്തുചേര്‍ന്ന ഡുപ്ലെസിയും പടിദാറും ആര്‍സിബിക്ക് വേണ്ടി പവര്‍പ്ലേയില്‍ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. എന്നാൽ അവസാന ഓവറുകളിൽ ബാംഗ്ലൂർ വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. രാജസ്ഥാന് വേണ്ടി പ്രസീദ് കൃഷ്‌ണയും മക്കോയും 3 വിക്കറ്റുകൾ വീതം നേടി.

ഇപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ മികച്ച പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. 2 ഓവർ പൂർത്തിയായപ്പോൾ വിക്കറ്റൊന്നും പോവാതെ 22 റൺസാണ് രാജസ്ഥാൻ നേടിയിരിക്കുന്നത്.

Read More: കോലിയുടെ അടുത്തേക്ക് ഓടി വന്ന ആരാധകനെ ഒറ്റയ്ക്ക് പൊക്കിയെടുത്ത് സുരക്ഷ ഉദ്യോഗസ്ഥൻ; ചിരി അടക്കാനാവാതെ വിരാട് കോലി-വൈറൽ വിഡിയോ

ഇന്നത്തെ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ജയിച്ചാൽ അപൂർവ്വമായ ഒരു റെക്കോർഡാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ മലയാളി നായകനാവാനുള്ള അവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

Story Highlights: Rajasthan has 158 runs winning target