ഐപിഎൽ ഫൈനലിലെത്തുന്ന ആദ്യ മലയാളി നായകനാവാൻ സഞ്ജു സാംസൺ, ആദ്യ ഐപിഎൽ കിരീടം ലക്ഷ്യമിട്ട് കോലി; ഇന്ന് രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ-ബാംഗ്ലൂർ പോരാട്ടം
ഐപിഎല്ലിന്റെ ചരിത്രത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ മലയാളി നായകനാവാൻ തയാറെടുക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. അതിനാൽ തന്നെ ഇന്നത്തെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ബാംഗ്ലൂരിനെ നേരിടാനിറങ്ങുന്ന രാജസ്ഥാൻ ജയിച്ചാൽ മികച്ച ഒരു റെക്കോർഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
എന്നാൽ ആദ്യ ഐപിഎൽ സീസൺ മുതൽ കിരീടം നേടാൻ കഴിയാത്ത ബാംഗ്ലൂർ ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അപാര ഫോമിലുള്ള ബാംഗ്ലൂരിനെതിരെയുള്ള മത്സരം രാജസ്ഥാന് വലിയ വെല്ലുവിളി തന്നെയാണ്.
കഴിഞ്ഞ എലിമിനേറ്റർ മത്സരത്തിൽ ലഖ്നൗവിനെതിരെ വമ്പൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് ബാംഗ്ലൂർ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ കെ എൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 14 റൺസിന് തകർത്താണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗവിന് 20 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അതേ സമയം ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒന്നാം ക്വാളിഫയറിൽ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് രാജസ്ഥാൻ റോയൽസ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. 7 വിക്കറ്റിനാണ് ഗുജറാത്ത് രാജസ്ഥാനെ കീഴടക്കി ഫൈനലിലേക്ക് പ്രവേശിച്ചത്. ടോസ് നഷ്ടമായി ഇറങ്ങിയ രാജസ്ഥാൻ കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നെങ്കിലും മറുപടി ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനവുമായി ഗുജറാത്ത് ബാറ്റർമാർ രാജസ്ഥാനിൽ നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു.
Story Highlights: Rajasthan vs bangalore 2nd qualifier match today