മൾബറി മരത്തിൽനിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം- ദൃശ്യങ്ങൾക്ക് പിന്നിൽ

May 7, 2022

ദിവസവും സമൂഹമാധ്യമങ്ങൾ നമുക്ക് പരിചയപ്പെടുത്തുന്നത് ഒട്ടനവധി അത്ഭുതങ്ങളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ മറ്റൊരു അത്ഭുതമാണ് തടിയിൽ നിറയെ വെള്ളം സൂക്ഷിക്കുന്ന മൾബറി മരം. ഇന്റർനെറ്റിലടക്കം വലിയ രീതിയിൽ ചർച്ചയാകുകയാണ് തെക്കൻ യൂറോപ്പിലെ 100 വർഷം പഴക്കമുള്ള ഈ വൃക്ഷം. വൃക്ഷത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ ചർച്ചയാകുന്നത്.

യൂറോപ്പിലെ മോണ്ടിനെഗ്രോവിലെ ദിനോസ ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ദൃശ്യങ്ങളിൽ കാണുന്നത് പ്രകാരം മരത്തിൽ നിന്നും വലിയ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. അതേസമയം തണുപ്പ് കാലത്തിന്റെ അവസാനമോ മഴക്കാലത്തോ ആണ് മരത്തിൽ നിന്നും ഇത്തരത്തിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നത്.

കഴിഞ്ഞ ഇരുപത് വർഷമായി എല്ലാ വർഷവും ഇത്തരത്തിൽ മരത്തിൽ നിന്നും വെള്ളം പുറത്തക്ക് വരാറുണ്ട്. തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള മരത്തിന്റെ പൊത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം മൂന്നോ നാലോ ദിവസമായിരിക്കും ഉണ്ടാവുക. അതേസമയം ഈ മരത്തിനും ഏറെ പ്രത്യേകതകൾ കാണാൻ കഴിയും. ഇലകളില്ലാത്ത മരത്തിന്റെ തടിയിൽ നിന്നാണ് ഇത്തരത്തിൽ അരുവി പോലെ വെള്ളം ഒഴുകുന്നത്. അതിന് പുറമെ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എല്ലാ വർഷവും ഈ അത്ഭുത പ്രതിഭാസം കാണുന്നതിനായി എത്തുന്നത്.

Read also; ഇനി കല്യാണമേളം; നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂണിൽ..?

അതേസമയം ഉള്ള് നിറയെ വെള്ളവുമായി വളരുന്ന ഒരു മരങ്ങൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്ക, ഓസ്‌ട്രേലിയ, മഡഗാസ്കർ എന്നിവടങ്ങളിലും ഇത്തരം മരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വളരുന്ന ഈ വിചിത്ര മരത്തിന്റെ പേര് ബോബാബ് എന്നാണ്. അതേസമയം മരത്തിന്റെ തടിയിൽ വെള്ളം സൂക്ഷിക്കുന്നതിനാൽ ഇതിനെ ബോട്ടിൽ ട്രീ എന്നും ആളുകൾ വിളിക്കാറുണ്ട്. അതിന് പുറമെ ജീവ വൃക്ഷം, തലകീഴായ മരം എന്നൊക്കെ ഇവ അറിയപ്പെടുന്നുണ്ട്. ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിച്ചു വയ്ക്കാനുള്ള കഴിവ് ഈ മരത്തിന് ഉണ്ടെന്നാണ് പൊതുവെ പറയുന്നത്. വരണ്ട കാലാവസ്ഥയിൽ പ്രകൃതിയ്ക്ക് ആശ്വാസമാകുന്നതിനൊപ്പം നിരവധി ജീവജാലങ്ങൾക്കും ഈ മരം ജലസ്രോതസായി മാറാറുണ്ട്.

Story highlights: Rare Phenomenon of Water Gushing Out Of Mulberry