ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വിരാട് കോലിയെ നഷ്‌ടമായി

May 27, 2022

ഐപിഎല്ലിൽ ഇന്ന് രണ്ടാമത്തെ ക്വാളിഫയർ മാച്ചിൽ ബാംഗ്ലൂരിനെ നേരിടാനിറങ്ങിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മുൻ നായകനും ബാംഗ്ലൂരിന്റെ എക്കാലത്തെയും മികച്ച താരവുമായ വിരാട് കോലിയുടെ വിക്കറ്റാണ് ടീമിന് നഷ്‌ടമായത്‌. 7 റൺസെടുത്ത കോലി പ്രസീദ് കൃഷ്‌ണയുടെ പന്തിൽ സഞ്ജു ക്യാച്ചെടുത്താണ് പുറത്തായത്.

ഇപ്പോൾ 8 ഓവർ പൂർത്തിയായപ്പോൾ 1 വിക്കറ്റ് നഷ്‌ടത്തിൽ 58 റൺസാണ് ബാംഗ്ലൂർ അടിച്ചു കൂട്ടിയിരിക്കുന്നത്.

ഇന്നത്തെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ജയിച്ചാൽ മികച്ച ഒരു റെക്കോർഡാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ മലയാളി നായകനാവാനുള്ള അവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. എന്നാൽ ആദ്യ ഐപിഎൽ സീസൺ മുതൽ കിരീടം നേടാൻ കഴിയാത്ത ബാംഗ്ലൂർ ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അപാര ഫോമിലുള്ള ബാംഗ്ലൂരിനെതിരെയുള്ള മത്സരം രാജസ്ഥാന് വലിയ വെല്ലുവിളി തന്നെയാണ്.

Read More: “സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന പല ഇന്നിംഗ്‌സുകളും കണ്ടിട്ടുണ്ട്, എന്നാൽ ഇത് പോലെയൊന്ന് ആദ്യമായി കാണുകയാണ്..”; രജത് പടിദാറിനെ പ്രശംസിച്ച് വിരാട് കോലി

എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗവിനെതിരെ വമ്പൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് ബാംഗ്ലൂർ ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. മത്സരത്തിൽ കെ എൽ രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 14 റൺസിന് തകർത്താണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. അതേ സമയം ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒന്നാം ക്വാളിഫയറിൽ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങിയിരിക്കുന്നത്. 7 വിക്കറ്റിനാണ് ഗുജറാത്ത് രാജസ്ഥാനെ കീഴടക്കി ഫൈനലിലേക്ക് പ്രവേശിച്ചത്.

Story Highlights: Rcb lost kohli’s wicket