ഡബിൾ സെഞ്ചുറി തിളക്കത്തിൽ രോഹിത് ശർമ്മ; മുംബൈക്കായി 200 സിക്‌സറുകൾ നേടി ഹിറ്റ്മാൻ

May 6, 2022

നിറം മങ്ങിയ പ്രകടനമാണ് മുംബൈ ഇന്ത്യൻസ് ഈ സീസണിൽ കാഴ്‌ചവെച്ചുകൊണ്ടിരുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ കഴിയാത്ത ടീം പോയിന്റ് ടേബിളിലും അവസാന സ്ഥാനത്താണ്. തുടർച്ചയായി 8 മത്സരങ്ങളിൽ പരാജയപ്പെട്ട മുംബൈ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെയാണ് ആശ്വാസ വിജയം നേടിയത്.

പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ചതിന് ശേഷമാണ് മുംബൈ ഇന്ന് ഗുജറാത്തിനെതിരെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ബാക്കി മത്സരങ്ങൾ ജയിച്ച് തല ഉയർത്തി സീസൺ അവസാനിപ്പിക്കാനാവും മുംബൈ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ ഉൾപ്പടെ ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച വിജയം നേടാനാവും രോഹിത്തിന്റെ നേതൃത്വത്തിൽ മുംബൈയുടെ ലക്ഷ്യം.

ഇപ്പോൾ മുംബൈ നായകൻ നേടിയ മറ്റൊരു അപൂർവ്വ നേട്ടമാണ് ആരാധകർക്ക് ആവേശമാവുന്നത്. മുംബൈ ഇന്ത്യൻസിനായി 200 സിക്‌സറുകൾ അടിച്ചെടുത്തിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. ഗുജറാത്തിനെതിരെയുള്ള മത്സരത്തിലെ ആദ്യ പകുതിയിൽ തന്നെ വലിയ നേട്ടമാണ് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.

തുടർച്ചയായ തോൽവികളെ തുടർന്ന് വലിയ വിമർശനമാണ് മുംബൈ നേരിട്ടുകൊണ്ടിരുന്നത്. മുംബൈ ബാറ്റർമാരും ബൗളർമാരുമെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ സീസണിൽ കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നത്.

മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്ന മുംബൈ ഇന്ത്യൻസ് ഇപ്പോൾ 12 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ 111 റൺസാണ് നേടിയിരിക്കുന്നത്.

Read More: വീണ്ടും കൊടുങ്കാറ്റായി ഉമ്രാൻ മാലിക്ക്; സ്വന്തം റെക്കോർഡ് തിരുത്തി താരം

വർഷങ്ങളായി മുംബൈയുടെ സൂപ്പർ താരമായിരുന്ന ഹർദിക് പാണ്ഡ്യ ആദ്യമായി ടീമിനെതിരെ ഇറങ്ങുന്ന മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കളിക്ക്. പാണ്ഡ്യക്കൊപ്പം ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയും റാഷിദ് ഖാൻ മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ഗുജറാത്തിനെ ഏതൊരു ടീമിന്റെയും പേടി സ്വപ്നമാക്കുന്നുണ്ട്.

Story Highlights: Rohith Sharma hits 200 sixes for mumbai indians