‘എന്ത് ചോദ്യമാണ് സുഹൃത്തേ..’; ഷെയ്ന് വോണിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ
ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്നു ഷെയ്ന് വോൺ. കഴിഞ്ഞ മാർച്ച് 4 നാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്തു വരുന്നത്. ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ മരണവാർത്ത വലിയ ഞെട്ടലാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. പല പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും താരത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇപ്പോൾ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഷെയ്ന് വോണിനെ പറ്റി പങ്കുവെച്ച കാര്യങ്ങളാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധേയമാവുന്നത്. ഷെയ്ന് വോണുമായുള്ള അടുപ്പത്തെ പറ്റിയും സൗഹൃദത്തെ പറ്റിയുമാണ് സഞ്ജു വാചാലനായത്. രാജസ്ഥാനിൽ സഞ്ജു കളിച്ചു തുടങ്ങുന്ന സമയത്ത് വോൺ ടീമിലുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ടീമിന്റെ മെന്ററായി അദ്ദേഹം തിരിച്ചു വരുന്നതോട് കൂടിയാണ് അദ്ദേഹവുമായുള്ള സൗഹൃദത്തിന് തുടക്കമാവുന്നതെന്നാണ് സഞ്ജു പറയുന്നത്.
ഷെയ്ന് വോണിനൊപ്പമുള്ള എല്ലാ ഓർമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹത്തോടൊപ്പം ഒരു മണിക്കൂർ മാത്രം ചിലവിട്ടാൽ പോലും അത് നമ്മൾ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുമെന്നും സഞ്ജു പറഞ്ഞു. ഒരു രാജാവിനെ പോലെയാണ് വോൺ ജീവിച്ചതെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഷെയ്ന് വോണിനെ പറ്റി സംസാരിച്ചത്.
ഷെയ്ന് വോണിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമയും സഞ്ജു പങ്കുവെച്ചു. രാജസ്ഥാൻ മെന്ററായി അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം ഒരിക്കൽ നെറ്റ്സിൽ തനിക്ക് കുറച്ചു പന്തുകൾ എറിഞ്ഞു തരാമോയെന്ന് താൻ ചോദിച്ചപ്പോൾ ‘എന്ത് ചോദ്യമാണ് സുഹൃത്തേ’ എന്ന് ചോദിച്ച് ഒരു മടിയും കൂടാതെ അദ്ദേഹം തനിക്ക് പന്തെറിഞ്ഞു നൽകിയെന്നും സഞ്ജു പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന് വോൺ മരിച്ചത്. തായ്ലൻഡിൽ വച്ചാണ് 52 കാരനായ ഷെയ്ന് വോണിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്. ഓസ്ട്രേലിയക്ക് വേണ്ടി 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയിട്ടുള്ള ഷെയ്ന് വോൺ ലോകം കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളായിരുന്നു.
Story Highlights: Sanju samson shares his memory with shane warne