ആകാശം കടുംചുവപ്പ് നിറത്തിൽ; ഭയന്ന് പ്രദേശവാസികൾ, കാരണം കണ്ടെത്തി ഗവേഷകർ

May 10, 2022

അതിമനോഹരമായ വെളുത്ത ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നീലനിറവും ചെറിയ ഓറഞ്ച് നിറവുമൊക്കെ നമുക്ക് പരിചിതമാണ്. എന്നാൽ രക്തവർണ്ണനിറത്തിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ആകാശത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ചൈനയിലെ തുറമുഖ നഗരമായ ഷൗഷാനിയിലാണ് കടും ചുവപ്പ് നിറത്തിൽ ആകാശം കണ്ടത്.

അപ്രതീക്ഷിതമായി ആകാശത്തിന് നിറം മാറ്റം സംഭവിച്ചതിനായി കണ്ടെത്തിയത്തോടെ ഈ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി. ഇത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും, വലിയ തീപിടുത്തം ഉണ്ടായതിന്റെ ഭാഗമാണെന്നും പറഞ്ഞ് നിരവധി ആളുകളും എത്തി. എന്നാൽ ഏറെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം ഇതിന്റെ കാരണം ഗവേഷകർ കണ്ടെത്തി. ഷൗഷാനിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് പ്രകാരം, ചില കാലാവസ്ഥയിൽ അന്തരീക്ഷത്തിലെ ജലം മൂടൽ മഞ്ഞിന്റെ കട്ടിയുള്ള പാളികളായി മാറുന്നുണ്ട്. ഇവയിലേക്ക് കടലിലൂടെ സഞ്ചരിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ നിന്നും മറ്റും പുറത്തേക്ക് വരുന്ന ലൈറ്റുകൾ തട്ടുകയും മറ്റും ചെയ്യുമ്പോൾ ആകാശം ചുവന്നതാകുന്നു എന്നായിരുന്നു ഗവേഷകരുടെ ശാസ്ത്രീയമായ കണ്ടെത്തൽ.

Read also; അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസക്കുട്ടൻ; കുട്ടിത്താരത്തിന് ആശംസകളുമായി താരങ്ങൾ

മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് വരുന്ന പ്രകാശത്തിന്റെ അപവർത്തനമാണ് ആകാശത്തെ ഈ നിറം മാറ്റത്തിന് കാരണം എന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അതിന് പുറമെ ചിലപ്പോൾ ഏതെങ്കിലും അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്നുള്ള കണികകളും ഈ പ്രകാശ അപവർത്തനത്തിന് കാരണമായിരിക്കാമെന്നും പറയപ്പെടുന്നുണ്ട്.

അതേസമയം ആകാശത്തെ ഈ കടുംചുവപ്പ് നിറത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആകാശത്തിന് ഇത്രയും കഠിനമായ ചുവപ്പ് നിറം ഉണ്ടാകുന്നത് ഇതാദ്യമായാണ് കാണുന്നത് എന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെടുന്നത്.

Story highlights: Secret behind sky turns blood red