എന്ത് പ്രശ്നങ്ങൾക്ക് വേണ്ടിയും ഓടാൻ തയാറായ ഷറഫുദ്ദീൻ; ശ്രദ്ധനേടി ‘പ്രിയൻ ഓട്ടത്തിലാണ്’ ട്രെയ്‌ലർ

May 15, 2022

ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രിയൻ ഓട്ടത്തിലാണ്’ അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ നൈല ഉഷയും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വൗവ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന സിനിമയാണ് പ്രിയൻ ഓട്ടത്തിലാണ്.

അഭയകുമാർ, കെ അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം എം ബി ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ചിത്രത്തിൽ നൈല ഉഷയ്ക്കും ഷറഫുദ്ദീനും പുറമെ അപർണ ദാസ്, അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിജിൻ ബംബിനോ ആണ്.

Read also:അലിഗഢിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക്; പത്രവിതരണക്കാരൻ കമ്പനി സ്ഥാപകനായ കഥ, പ്രചോദനമാണ് ആമിർ

അതേസമയം കെയർ ഓഫ് സൈന ഭാനു എന്ന ചിത്രത്തിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ്. മഞ്ജു വാര്യർ, ഷെയ്ൻ നിഗം എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമാണ് കെയർ ഓഫ് സൈന ഭാനു. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് ഇത്.

നാരദൻ ആണ് ഷറഫുദ്ദീന്റെതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിലാണ് ഒരുക്കിയത്. മാധ്യമ പ്രവർത്തകന്റെ വേഷത്തിലാണ് ചിത്രത്തിൽ ഷറഫുദ്ദീൻ അഭിനയിച്ചത്. ടൊവിനോ തോമസ് അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Story highlights: Sharafudheen Naila Usha priyan ottathilanu trailer