പ്രതിഫലം വേണ്ട പകരം 50 കരൾമാറ്റ ശസ്ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്

May 11, 2022

ബോളിവുഡിന്റെ പ്രിയപ്പെട്ട വില്ലൻ, ഇന്ത്യൻ ജനതയുടെ സൂപ്പർ ഹീറോയായി മാറിയത് അദ്ദേഹത്തിന്റെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെയായിരുന്നു. സോനു സൂദ് എന്ന ചലച്ചിത്ര താരത്തെ അറിയാത്തവർ ഉണ്ടാകില്ല. അഭിനയത്തിനപ്പുറം സാമൂഹ്യപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായ സോനു സൂദിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ ആളുകൾ ഏറ്റെടുക്കുന്നത്. ആശുപത്രിയുടെ പ്രമോഷന് സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് കരൾമാറ്റ ശസ്ത്രക്രിയകളാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്നും രണ്ടുമല്ല 50 കരൾ മാറ്റ ശസ്ത്രക്രിയയാണ് പ്രതിഫലമായി സോനു സൂദ് ആവശ്യപ്പെട്ടത്.

അതേസമയം ഒരു പ്രമുഖ മാഗസിന്റെ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ താരം പുറത്തുവിട്ടത്. ഇത്രയും ശസ്ത്രക്രിയകൾക്ക് 12 കോടിയോളം രൂപവേണ്ടിവരുമെന്നാണ് കരുതുന്നത്. ചികിത്സയ്ക്ക് പണമില്ലാതെ സാമ്പത്തീകമായി ബുദ്ധിമുട്ടുന്ന അമ്പതോളം ആളുകൾക്കാണ് സോനു സൂദ് സഹായം ചെയ്യുന്നത്. അതേസമയം ഈ ശസ്ത്രക്രിയകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തുന്നത്.

Read also: ഏറ്റവും വലിയ ത്യാഗത്തിന്റെ ചിത്രം- സോഷ്യൽ മീഡിയയിൽ നൊമ്പരമായ അമ്മയുടെ ഫോട്ടോയ്ക്ക് പിന്നിൽ

ആവശ്യക്കാരെ തേടിയെത്തി സഹായിക്കുന്ന സോനു സൂദിന്റെ നന്മ പ്രവർത്തനങ്ങൾക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി അഭിനന്ദനങ്ങളും ലഭിക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ അദ്ദേഹത്തിന്റെ കാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി യുഎന്നിന്റെ പ്രത്യേക ബഹുമതിയും താരത്തെ തേടിയെത്തിയിരുന്നു. അഭിനയത്തിനപ്പുറം സോഷ്യൽ വർക്കിലും താത്പര്യം കാണിക്കാറുള്ള താരം കൊവിഡ് മഹാമാരിക്കാലത്തും ദുരിതത്തിലായ നിരവധിപ്പേർക്ക് സഹായഹസ്തവുമായി എത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ നിരവധി ഇടങ്ങളിൽ ഓക്‌സിജൻ ക്ഷാമം വളരെ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിൽ ഓക്‌സിജൻ പ്ലാന്റുകൾ ആശുപത്രികളിൽ എത്തിച്ചു നൽകിയും ഏറെ ശ്രദ്ധ നേടിയതാണ് സോനു സൂദ്.

Story highlights: Sonu Sood’s fees for promoting hospital is 50 liver transplants