‘അബ്ബാ നിന്നെ ഒരുപാട് സ്നേഹിക്കുന്നു..’- മകന് പിറന്നാൾ ആശംസിച്ച് സൗബിൻ

May 10, 2022

സമൂഹമാധ്യമങ്ങളിൽ രസകരമായ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ സൗബിൻ ഷാഹിർ. മകൻ ഒർഹാനാണ് സൗബിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിറഞ്ഞുനിൽക്കാറുള്ളത്. ഇപ്പോഴിതാ, മകന് മൂന്നാം പിറന്നാൾ ആശംസിക്കുകയാണ് നടൻ.

‘നീ ചെറിയ കുട്ടിയല്ലാതാകും മുമ്പ് ഞാൻ നിന്നെ കുറച്ചുകൂടി സ്നേഹിക്കട്ടെ. മൂന്നു വയസിലേക്ക് എന്റെ ചെറിയ മനുഷ്യൻ കടക്കും. അബ്ബാ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.’- സൗബിൻ കുറിക്കുന്നു. ഭാര്യ ജാമിയക്കും മകൻ ഒർഹാനും ഒപ്പമുള്ള ചിത്രങ്ങൾ എപ്പോഴും പങ്കുവയ്ക്കാറുണ്ട് നടൻ. 2017 ഡിസംബർ 16നായിരുന്നു ജാമിയയും സൗബിനും വിവാഹിതരായത്.

നടനായും സംവിധായകനായും മലയാളികളുടെ മനസ്സ് കീഴടക്കിയ കലാകാരനാണ് സൗബിൻ ഷാഹിർ.  വർഷങ്ങളോളം സിനിമയുടെ പിന്നാമ്പുറങ്ങളിൽ ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്ത സൗബിൻ ഇന്ന് മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളിൽ ഒരാളാണ്. 

അതേസമയം, ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൗബിൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. മ്യാവു എന്നാണ് ചിത്രത്തിന്റെ പേര്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

READ ALSO: ആകാശം കടുംചുവപ്പ് നിറത്തിൽ; ഭയന്ന് പ്രദേശവാസികൾ, കാരണം കണ്ടെത്തി ഗവേഷകർ

തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ലാൽ ജോസ് ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിനും സംഗീതം ഒരുക്കുന്നത് ജസ്റ്റിനാണ്. സിദ്ധാർത്ഥ് ഭരതന്റെ ജിന്ന് , സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ, വെള്ളരി പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളാണ് സൗബിൻ പ്രധാന വേഷത്തിലെത്തുന്ന റിലീസിന് കാത്തിരിക്കുന്ന ചിത്രങ്ങൾ.

Story highlights- soubin shahir’s son orhan turns three