സിനിമയിൽ ആദ്യമായി ഡാൻസ് ചെയ്ത് ടൊവിനോ തോമസ്; ഒപ്പം കല്യാണിയും- ‘തല്ലുമാല’യിലെ ആദ്യഗാനമെത്തി

May 3, 2022

സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഈ ചിത്രത്തിലൂടെ സിനിമയിൽ ആദ്യമായി നൃത്തം ചെയ്യുകയുമാണ് ടൊവിനോ തോമസ്.

ടൊവിനോ തോമസ്, തന്റെ മുൻ ചിത്രങ്ങളിലെ ലുക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്റ്റൈലിഷും കൂളുമായ ലുക്കിലാണ് തല്ലുമാലയിൽ എത്തുന്നത്. തല്ലുമാല ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ ആണെന്നും വ്യത്യസ്തമായ ദൃശ്യാനുഭവമായിരിക്കുമെന്നും പാട്ട് സൂചന നൽകുന്നുണ്ട്.

‘തല്ലുമാല’ എന്ന സിനിമയിൽ കല്യാണി പ്രിയദർശനൊപ്പം ടൊവിനോ തോമസ് ആദ്യമായി വേഷമിടുകയാണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും വേഷമിടുന്നു.

‘തല്ലുമാല’യുടെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരൻ മുഹ്‌സിൻ പരാരിയും ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദുമാണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകനായി എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘തല്ലുമാല’ സംവിധായകൻ ഖാലിദ് റഹ്മാനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ ഒരു മേക്കിംഗ് ആയിരിക്കും.

Read also:ഒന്നാം രാഗം പാടി ശ്യാം, ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടുവരണമെന്ന് വേണുഗോപാൽ, രസകരമായ വിഡിയോ

കൂടാതെ എട്ട് സംഘട്ടന രംഗങ്ങളും എട്ട് ചടുലമായ ഗാനങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളുന്നു. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കഥ, ഒരു യുവാവിന്റെ കോളേജ് ജീവിതം മുതൽ 30 വയസ്സ് തികയുന്നത് വരെയുള്ള ജീവിതമാണ് പറയുന്നത്. ഖാലിദ് റഹ്മാൻ മുമ്പ് ‘അനുരാഗ കരിക്കിൻ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Story highlights- thallumala song