ഈ ചെറുപ്രായത്തിൽ ഇതൊക്കെ ഒരു അത്ഭുതമല്ലേ, പാട്ടിനൊപ്പം മേഘ്നക്കുട്ടിയുടെ കുസൃതി വർത്തമാനങ്ങളും; ഏറ്റെടുത്ത് ജഡ്ജസ്
മേഘ്നക്കുട്ടിയുടെ പാട്ടുകൾ ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്നു ഗായികയാണ് മേഘ്ന. ഓരോ തവണ പാട്ട് പാടാൻ എത്തുമ്പോഴും അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് ഈ കുഞ്ഞുമോൾ പാട്ട് വേദിയുടെ ഹൃദയം കവരാറുണ്ട്. മുതിർന്നവർ പോലും ചിലപ്പോൾ പാടാൻ മടിക്കുന്ന പ്രയാസമേറിയ പാട്ടുകൾ വരെ വളരെ ലാഘവത്തോടെ വേദിയിൽ ആലപിച്ച് ശ്രദ്ധ നേടിക്കഴിഞ്ഞതാണ് മേഘ്ന സുമേഷ്. മേഘ്നക്കുട്ടിയുടെ പാട്ട് പോലെത്തന്നെ മധുരമേറിയതാണ് ഈ കുരുന്നിന്റെ കളയും ചിരിയും കൊച്ചുവർത്തമാനങ്ങളും.
ടോപ് സിംഗർ വേദിയുടെയും ലോകം മുഴുവനുമുള്ള മലയാളികളുടെയും പ്രിയഗായികയായി മാറിയ മേഘ്ന ഇപ്പോൾ മറ്റൊരു അതിഗംഭീരമായ പ്രകടനംകൊണ്ട് പാട്ട് വേദിയിലെ ജഡ്ജസിന്റെ അടക്കം ഹൃദയം കവരുകയാണ്. ‘പൊന്നാപുരം കോട്ട’ എന്ന ചിത്രത്തിലെ ‘നളചരിതത്തിലെ നായകനോ’ എന്ന് തുടങ്ങുന്ന ഗാനവുമായാണ് ഇത്തവണ മേഘ്നക്കുട്ടി വേദിയിൽ എത്തിയത്. അതിഗംഭീരമായാണ് മേഘ്ന വേദിയിൽ ഈ പാട്ട് പാടുന്നത്. മേഘ്നയുടെ ആലാപനത്തിന് ശേഷം വിധികർത്താക്കൾ മുഴുവൻ ഈ കുരുന്നിന്റെ അടുത്തേക്ക് വരുന്നതും കുഞ്ഞിനെ എടുത്തുയർത്തുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
മറ്റൊന്നും പറയാനില്ല, ഈ ചെറുപ്രായത്തിൽ ഇതൊക്കെ ഒരു അത്ഭുതമാണ് എന്നാണ് മേഘ്നക്കുട്ടിയുടെ പാട്ടിന് ടോപ് സിംഗർ വേദിയിലെ വിധികർത്താവായ എംജി ശ്രീകുമാർ പറയുന്നത്. ഒപ്പം ഈ കുരുന്നിനെക്കൊണ്ട് പാട്ടിലെ ഓരോ ഭാഗങ്ങളും വീണ്ടും വീണ്ടും പാടിപ്പിച്ച് കേൾക്കുന്നുമുണ്ട് ഇവർ. അതിഗംഭീരമായ ആലാപനമാണ് ഈ കുരുന്നിന്റേത് എന്നും ജന്മനാ കിട്ടിയതാണ് പാട്ടിൽ ഇതുപോലെ ലയിച്ചുചേർന്ന് പാടാനുള്ള കഴിവ് എന്നുമൊക്കെയാണ് മേഘ്നക്കുട്ടിയുടെ പാട്ടിന് വിധികർത്താക്കളായ എം ജയചന്ദ്രനും ബിന്നി കൃഷ്ണകുമാറും പറയുന്ന കമന്റ്.
Story highlights: Top Singer Meghna Amazing Performance