“നിഗൂഢതകളുടെ ചുരുളഴിയുന്നു, ഇന്ന് രാത്രി മുതൽ”; മോഹൻലാൽ ചിത്രം ‘ട്വൽത്ത് മാൻ’ ഇന്ന് രാത്രി മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

May 19, 2022

പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ട്വൽത്ത് മാൻ’ ഇന്ന് രാത്രി സ്ട്രീമിങ് ആരംഭിക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിൽ വമ്പൻ വിജയമായ ദൃശ്യം 2 വിന് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമ പ്രേക്ഷകർക്ക് ചിത്രത്തിന് മേലുള്ളത്.

ഇപ്പോൾ നടൻ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ‘നിഗൂഢതകൾ ഇന്ന് രാത്രി മറ നീക്കി പുറത്തു വരുന്നു’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. ഇന്ന് രാത്രി 12 മണി മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ഒരു മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം നേരത്തെ തന്നെ റിലീസാവുകയും വലിയ ആവേശത്തോടെ പ്രേക്ഷകർ അതേറ്റെടുക്കുകയും ചെയ്‌തിരുന്നു. ട്രെൻഡിങ്ങിൽ മുൻപിലായിരുന്ന ‘ട്വല്‍ത്ത് മാന്റെ’ ടീസറും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read More: ‘ദൃശ്യം 3 വരുമോന്ന് ചോദിച്ചാൽ…’; മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്

ട്വല്‍ത്ത് മാന് ശേഷം നിരവധി മോഹൻലാൽ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ആണ് ഇതിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story Highlights: Twelth man starts streaming tonight