‘ഇന്ത്യൻ ദേശീയ കുപ്പായമണിയാൻ കാത്തിരിക്കുന്നു’; മനസ്സ് തുറന്ന് ഉമ്രാൻ മാലിക്ക്

May 14, 2022

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ജമ്മു കശ്മീരുകാരനായ ഉമ്രാൻ മാലിക്ക്. കൊടുങ്കാറ്റ് പോലെ പാഞ്ഞടുക്കുന്ന ഉമ്രാന്റെ പന്തുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ അതിഗംഭീര പ്രകടനമാണ് ഉമ്രാൻ പുറത്തെടുത്തത്. മത്സരത്തിലെ 5 വിക്കറ്റ് നേട്ടത്തിലൂടെ വലിയ പ്രശംസയാണ് ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരിൽ നിന്നും താരത്തിന് ലഭിച്ചത്.

ഇതിന് ശേഷം ഉമ്രാനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. 157 കിലോമീറ്റർ സ്‌പീഡിൽ വരെ പന്തെറിയുന്ന താരം ഇന്ത്യൻ ടീമിലെത്തിയാൽ ലോകം മുഴുവൻ അറിയപ്പെടുന്ന പേസ് ബൗളറായി മാറുമെന്നാണ് ഇയാൻ ബിഷപ്പും ഡാനിയേൽ വെട്ടോറിയുമടക്കമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങളും അഭിപ്രായപ്പെടുന്നത് .

ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ താൻ കാത്തിരിക്കുകയാണെന്നാണ് ഉമ്രാൻ പറയുന്നത്. സെലക്ടർമാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അവസരം കിട്ടിയാൽ താൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഉമ്രാന്റെ പേരിലാണ്. വേഗതയേറിയ പന്തിന്റെ കാര്യത്തിൽ തന്റെ തന്നെ റെക്കോർഡുകൾ വീണ്ടും തിരുത്തുകയാണ് താരം. ഡൽഹി ക്യാപിറ്റൽസിനെതിരായുള്ള മത്സരത്തിൽ 157 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്തിലൂടെയാണ് ഉമ്രാൻ തന്റെ തന്നെ റെക്കോർഡ് ഭേദിച്ചത്.എന്നാൽ ഉമ്രാന്റെ വേഗതയേറിയ പന്ത് അതേ വേഗത്തിൽ ബൗണ്ടറി പായിക്കുകയായിരുന്നു ഡൽഹി താരം റൊവ്‌മാന്‍ പവൽ.

Read More; ഒരു ‘മിന്നൽ’ ചിത്രം; വൈറലായി രാജസ്ഥാൻ-ഡൽഹി മത്സരത്തിനിടയിൽ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം

ഇതിന് മുൻപ് ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെയാണ് ഉമ്രാൻ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് റെക്കോർഡിട്ടത്. ഈ ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ 5 പന്തുകളിൽ 4 പന്തുകളും ഉമ്രാൻ തന്നെയാണ് എറിഞ്ഞിരിക്കുന്നത്.

Story Highlights: Umran malik opens up about playing for india