‘ടി 20 ലോകകപ്പിൽ ബുമ്രയ്ക്കൊപ്പം പന്തെറിയാൻ ഉമ്രാൻ മാലിക്കുണ്ടാവണം’; നിർദേശവുമായി മുൻ ഇന്ത്യൻ താരം

May 8, 2022

ഐപിഎല്ലിലെ വളരെ കുറച്ചു മത്സരങ്ങൾ കൊണ്ട് ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച താരമാണ് ഉമ്രാൻ മാലിക്ക്. തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗതയിൽ പന്തെറിയുന്ന താരത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു.

ഇപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന ഹർഭജൻ സിങ് ഉമ്രാൻ മാലിക്കിനെ പറ്റി പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധേയമാവുന്നത്. ഈ വർഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉമ്രാൻ മാലിക്ക് ഉണ്ടാവണമെന്നാണ് ഹർഭജൻ പറയുന്നത്. 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടും ദേശീയ ടീമിൽ കളിക്കാത്ത താരങ്ങളൊന്നും ലോകക്രിക്കറ്റിൽ ഇല്ലെന്നും ഉമ്രാനെ ടീമിലെടുക്കണമെന്നുമാണ് ഹർഭജൻ പറയുന്നത്. ഒരുപാട് യുവാക്കൾക്ക് പ്രചോദനമാവാൻ കഴിയുന്ന താരമാണ് ഉമ്രാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഉമ്രാനെ എടുക്കുമോ എന്ന് തനിക്കറിയില്ലെന്നും സെലക്ഷൻ കമ്മറ്റിയിൽ താൻ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും താരത്തെ ടീമിലെടുമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ താരമായ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഉമ്രാനും പന്തെറിയണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

Read More: ഡബിൾ സെഞ്ചുറി തിളക്കത്തിൽ രോഹിത് ശർമ്മ; മുംബൈക്കായി 200 സിക്‌സറുകൾ നേടി ഹിറ്റ്മാൻ

അതേ സമയം ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഇപ്പോൾ ഉമ്രാന്റെ പേരിലാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായുള്ള മത്സരത്തിൽ 157 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്തിലൂടെയാണ് ഉമ്രാൻ തന്റെ തന്നെ റെക്കോർഡ് ഭേദിച്ചത്.

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെയാണ് ഉമ്രാൻ ഇതിന് മുൻപ് സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് റെക്കോർഡിട്ടത്. ഈ ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ 5 പന്തുകളിൽ 4 പന്തുകളും ഉമ്രാൻ തന്നെയാണ് എറിഞ്ഞിരിക്കുന്നത്.

Story Highlights: Umran must be included in the T20 world cup squad according to Harbhajan