റിലീസിന് മുൻപേ റെക്കോർഡിട്ട് ‘വിക്രം’; ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുവെന്ന് റിപ്പോർട്ട്

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇന്നേറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. ഉലകനായകൻ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്.
ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാവുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ജൂൺ 3 ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്.
100 കോടിയോളം രൂപയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോം ചിത്രത്തിന്റെ ഓൺലൈൻ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. റിലീസിന് മുൻപ് തന്നെ നടന്ന ചിത്രത്തിന്റെ ഈ വമ്പൻ ഓൺലൈൻ ബിസിനസ്സ് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.
അതേ സമയം ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സിനാണ്. ലോകം മുഴുവൻ വമ്പൻ വിജയം നേടിയ എസ് എസ് രാജമൗലിയുടെ ആർആർആർ കേരളത്തിൽ വിതരണം ചെയ്തതും എച്ച് ആർ പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് നേരത്തെ ഷിബു തമീൻസ് പറഞ്ഞിരുന്നു. ലോകേഷ് കനകരാജ് ഒരു ഫാൻ ബോയ് എന്ന നിലയിൽ കൂടി സംവിധാനം നിർവഹിച്ച ചിത്രമായതിനാൽ വിക്രം ബോക്സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ആകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
‘വിക്രം’ ജൂൺ 3 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്ന് കമൽ ഹാസൻ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. റിലീസ് തീയതി പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ഒരു മേക്കിംഗ് വിഡിയോയും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.
Story Highlights: Vikram receives 100 crore through ott rights