കൊടുംചൂടിൽ ദാഹിച്ച് വലയുന്നവർക്ക് ആശ്വാസമാകുന്ന വാട്ടർമാൻ, 68 കാരന്റെ വിഡിയോ ഹിറ്റ്
പുറത്ത് ചൂട് അതികഠിനമാകുകയാണ്, ആശ്വാസമായി വേനൽമഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും ചൂടിന്റെ കാഠിന്യം വർധിച്ചുവരികയാണ്. ഈ കനത്ത ചൂടിൽ പുറത്തിറങ്ങി വെള്ളം ലഭിക്കാതെ ദാഹിച്ച് വലയുന്നവർക്ക് സൗജന്യമായി കുടിവെള്ളം നൽകുകയാണ് 68 കാരനായ ശങ്കർലാൽ സോണി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള ഈ അറുപത്തിയെട്ടുകാരൻ വിശ്രമജീവിതം നയിക്കേണ്ട സമയത്താണ് മറ്റുള്ളവരെ സഹായിക്കുന്നതിനായി തെരുവോരങ്ങളിലേക്ക് കൈയിൽ നിറയെ ശുദ്ധജലവുമായി ഇറങ്ങുന്നത്.
ദിവസവും രാവിലെ മുതൽ ശങ്കർലാൽ സോണി തന്റെ സൈക്കിളിൽ വലിയ ബാഗുകളും അതിൽ നിറയെ വെള്ളകുപ്പികളുമായി തെരുവുകളിലേക്ക് ഇറങ്ങും. തെരുവോരങ്ങളിലൂടെ കിലോമീറ്ററുകളോളം നടക്കുന്ന അദ്ദേഹം ദാഹിച്ച് വലയുന്ന ആളുകൾക്ക് അരികിലേക്ക് തന്റെ കാരുണ്യത്തിന്റെ ദാഹജലവുമായി എത്തും. ദിവസവും തെരുവോരങ്ങളിലെ നിരവധിപ്പേരുടെ ദാഹം ശമിപ്പിക്കുന്ന ഇദ്ദേഹത്തെ സ്നേഹത്തോടെ വാട്ടർമാൻ എന്നാണ് പലരും വിളിക്കുന്നതുപോലും.
അതേസമയം ഒന്നും രണ്ടുമല്ല കഴിഞ്ഞ 26 കൊല്ലമായി ശങ്കർലാൽ സോണി ഈ തെരുവോരങ്ങളിലൂടെ വെള്ളക്കുപ്പികളുമായി നടക്കുകയാണ്. തെരുവോരങ്ങളിൽ വെള്ളം ആവശ്യമായവർക്കെല്ലാം അദ്ദേഹം ശുദ്ധവും തണുത്തതുമായ വെള്ളം നൽകുന്നുണ്ട്. അഞ്ച് ലിറ്റർ വെള്ളം കൊള്ളുന്ന 18 വാട്ടർ സ്റ്റോറേജ് ബാഗുകളും അതിന് പുറമെ നിരവധി വാട്ടർ ബോട്ടിലുകളുമായാണ് ദിവസവും അദ്ദേഹം തെരുവോരങ്ങളിലേക്ക് ഇറങ്ങുന്നത്.
Read also: ചൂടുകാലത്തൊരു കരുതൽ; ഓട്ടോറിക്ഷയുടെ മുകളിൽ ചെടിനട്ട് ഡ്രൈവർ, മാതൃകയാക്കാനൊരുങ്ങി നിരവധിപ്പേർ
ശങ്കർലാൽ സോണിയുടെ ഗ്രാമത്തിൽ നിന്നും ഏറെ അകലെയുള്ള നർമ്മദാ നദിയിൽ നിന്നുമാണ് അദ്ദേഹം തന്റെ വാട്ടർ ബോട്ടിലുകൾ നിറയ്ക്കുന്നത്. ചിലപ്പോഴൊക്കെ നിരവധി തവണ ഇവിടെ എത്തി അദ്ദേഹം വെള്ളം കൊണ്ടുപോകാറുണ്ട്. അതേസമയം എത്ര ചൂടുള്ള ദിവസവും അദ്ദേഹം ആളുകളുടെ ഇടയിലേക്ക് തന്റെ വെള്ളകുപ്പികളുമായി എത്താറുണ്ട്. മറ്റുള്ളവരുടെ ദാഹം അകറ്റുന്നതിലൂടെ തന്റെ മനസ് സന്തോഷിക്കുന്നു എന്നാണ് അദ്ദേഹം ഇതിനുത്തരമായി പറയാറുള്ളതും.
Story highlights; Viral Story of Waterman