സഞ്ചാരികളിൽ കൗതുകമുണർത്തി മഞ്ഞിൽ ഹോട്ട് ബാത്തിനിറങ്ങിയ കുരങ്ങ് കൂട്ടങ്ങൾ…ഇത് ലോകത്ത് മറ്റെങ്ങും കാണാൻ കഴിയാത്ത കാഴ്ച

May 26, 2022

മഞ്ഞിൽ ഹോട്ട് ബാത്തിനിറങ്ങിയ കുരങ്ങ് കൂട്ടങ്ങൾ- കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാമെങ്കിലും ലോകത്ത് ഒരിടത്ത് മാത്രം കാണുന്ന രസകരമായ കാഴ്ചയാണിത്. വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നായ ജപ്പാനിലാണ് ഈ രസകാഴ്ചയും. ജപ്പാനിലെ ഹെല്‍വാലി എന്നറിയപ്പെടുന്ന ജിഗോകുഡാനി മങ്കിപാര്‍ക്കിലാണ് സഞ്ചാരികളെ മുഴുവൻ അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ചയുള്ളത്. കൊടുംതണുപ്പിൽ ചൂട് നീരുറവയിൽ കുളിയ്ക്കാൻ എത്തുന്ന കുരങ്ങ് കൂട്ടങ്ങളെയാണ് ഇവിടെ കാണുന്നത്. വർഷത്തിൽ കൂടുതൽ സമയങ്ങളിലും ഇവിടെ മഞ്ഞും തണുപ്പുമായിരിക്കും. ഈ കാലാവസ്ഥയിലും കുരങ്ങുകൾ ഇവിടെ തന്നെയാണ് കഴിയുക. ഈ സമയം കൂടുതലും കുരങ്ങുകൾ ഈ ചൂട് നീരുറവകളിൽ ആയിരിക്കും ഉണ്ടാവുക.

അതേസമയം ഈ പ്രദേശത്ത് കാണപ്പെടുന്നത് വൈൽഡ് ജാപ്പനീഡ് മക്കാക്ക് എന്ന ഇനത്തിലുള്ള ഹിമക്കുരങ്ങുകളാണ്. തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ് ഈ കുരങ്ങുകൾ. മറ്റ്‌ കുരങ്ങുകളെ അപേക്ഷിച്ച് ഇവയുടെ ശരീരത്തിൽ കട്ടിയുള്ള രോമങ്ങളാണ് ഉള്ളത്. ഇത് ഒരു പരിധിവരെ തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്നവയാണ് എന്നാണ് ഗവേഷകർ പറയുന്നത്.

Read also: കശുവണ്ടിയുടെ ആകൃതിയിൽ മുട്ട; ഒരു ദിവസംകൊണ്ട് നാട്ടിലെ താരമായി കോഴി; വൈറൽ വിഡിയോ

ജിഗോകുഡാനി മങ്കിപാര്‍ക്കിലേക്ക് എപ്പോഴും സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാൽ കൂടുതലായും തണുപ്പ് കാലത്താണ് ഇവിടേക്ക് കൂടുതൽ ആളുകൾ എത്തുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇവിടുത്തെ തണുപ്പ് കാലം. ഈ സമയത്ത് ഇവിടെത്തുന്ന സഞ്ചാരികളിൽ ഏറ്റവും കൗതുകം നിറയ്ക്കുന്ന കാഴ്ച വലിയ നീരുവയിൽ നീരാടുന്ന കുരങ്ങുകളുടെ ചിത്രമാണ്. ഒന്നും രണ്ടുമല്ല ഒരേസമയം ഒട്ടനവധി കുരങ്ങുകളാണ് ഈ നീരുറവയിൽ ഉണ്ടാകുക. ഇവിടെത്തുന്നവർക്ക് ഈ കാഴ്ചകൾ പകർത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Story highlights: Viral Video of Snow Monkey Park