ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുമെന്ന് വിരാട് കോലി, എന്നാൽ ദീർഘ കാല ഇടവേളയാവില്ല; സൂചന നൽകി താരം
മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഗുജറാത്ത് ഉയർത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇന്നലത്തെ മത്സരത്തിൽ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂർ മറികടന്ന് മികച്ച വിജയം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിങ്ങാണ് കോലി ഇന്നലെ ഗുജറാത്ത് ബൗളർമാർക്കെതിരെ പുറത്തെടുത്തത്.
73 റൺസുമായി കോലി ബാംഗ്ലൂർ നിരയിലെ ടോപ് സ്കോററാവുകയും ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി ഫോം ഔട്ട് ആയി നിന്ന കോലി മികച്ച പ്രകടനത്തിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
എന്നാലിപ്പോൾ മറ്റൊരു വാർത്തയാണ് ആരാധകരുടെ ഇടയിൽ ചർച്ചാവിഷയമാവുന്നത്. വിരാട് കോലി ക്രിക്കറ്റിൽ നിന്ന് തൽക്കാലം ഒരിടവേള എടുക്കുന്നുവെന്ന വാർത്തയാണ് ശ്രദ്ധേയമാവുന്നത്. കോലി തന്നെ ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കോലി കുറച്ചു നാൾ ക്രിക്കറ്റിൽ നിന്ന് ഒരിടവേള എടുക്കുന്നത് നന്നായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി അടക്കം പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. ശാസ്ത്രിയുടെ പ്രസ്താവന കേട്ടെന്നും ഇടവേളയെടുക്കുകയെന്ന നിര്‍ദേശം ആരോഗ്യകരമാണെന്നുമാണ് വിരാട് കോലി പറഞ്ഞത്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീം മാനേജ്മെന്റുമായും പരിശീലകന് രാഹുല്‍ ദ്രാവിഡുമായും ഇക്കാര്യം സംസാരിക്കുമെന്നും കോലി വ്യക്തമാക്കി.
എന്നാൽ ദീർഘകാല ഇടവേളയാവില്ല താൻ എടുക്കാൻ പോവുന്നതെന്നും കോലി സൂചിപ്പിച്ചു. ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പും ഏഷ്യ കപ്പും വിജയിക്കുകയാണ് ലക്ഷ്യമെന്ന കോലിയുടെ പ്രസ്താവനയാണ് ചെറിയ ഒരിടവേള മാത്രമായിരിക്കും കോലി എടുക്കുകയെന്ന സൂചന നൽകുന്നത്.
Story Highlights: Virat kohli going to take a break from cricket