4 സുരക്ഷാഗാർഡുകളും 6 കാവൽ നായ്ക്കളും; അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴത്തെക്കുറിച്ച്
വിലയേറിയ വസ്തുക്കൾ സംരക്ഷിക്കാൻ കാവൽക്കാരെ ഏർപ്പെടുത്തുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു മാമ്പഴത്തിന് ഒരുക്കിയ സംരക്ഷണമാണ് സോഷ്യൽ ഇടങ്ങളെ ഇപ്പോൾ ഞെട്ടിക്കുന്നത്. നാല് സുരക്ഷാ ഉദ്യോഗസ്ഥരും ആറ് വാച്ച് ഡോഗ്സുമാണ് ഒരു മാമ്പഴത്തിന് സംരക്ഷണം നൽകാൻ ഇവിടെയുള്ളത്. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴത്തെക്കുറിച്ചാണ്. മധ്യപ്രദേശിലെ ഒരു ദമ്പതികളുടെ കൃഷിയിടത്തിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴങ്ങൾ വിളഞ്ഞിരിക്കുന്നത്.
അതേസമയം വർഷങ്ങൾക്ക് മുൻപ് മിയസാക്കി മാമ്പഴ തൈകൾ നടുമ്പോൾ ഇതിന്റെ മൂല്യത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ റാണിയ്ക്കും സങ്കൽപ്പ് പരിഹാറിനും ഉണ്ടായിരുന്നില്ല. എന്നാൽ ഈ മരത്തിൽ റൂബി കളറിലുള്ള മാമ്പഴം ഉണ്ടായപ്പോൾ ഇവരിൽ ഏറെ കൗതുകം വിരിഞ്ഞു, പക്ഷെ അധികം താമസിയാതെ ഇവരുടെ കൃഷിയിടത്തിൽ നിന്നും ഈ മാമ്പഴങ്ങൾ മോഷണം പോയി. പിന്നീടാണ് ഈ മാമ്പഴത്തിന്റെ മൂല്യത്തെക്കുറിച്ച് ഇവർ അറിഞ്ഞത്. ഇതോടെ മാമ്പഴങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ കാവൽക്കാരെയും ഏർപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഈ മാമ്പഴത്തിന് ആദ്യം ഇവർ ഇവരുടെ അമ്മയുടെ പേരായ ഡാമിനി എന്നാണ് പേര് നൽകിയിരുന്നത്.
അതേസമയം പിന്നീട് ഈ മാമ്പഴത്തെക്കുറിച്ചുള്ള അന്വേഷങ്ങണങ്ങൾ തുടങ്ങിയതോടെ ഇവയെക്കുറിച്ച് കൂടുതലായി അറിയാൻ ഇവർക്ക് സാധിച്ചു. ജാപ്പനീസ് മിയാസാക്കി മാമ്പഴങ്ങളെ അവയുടെ ആകൃതിയും ജ്വലിക്കുന്ന ചുവന്ന നിറവും കാരണം ‘സൂര്യന്റെ മുട്ടകൾ’ എന്നാണ് വിശേഷിപ്പിക്കുന്നതത്രേ. ജപ്പാനിലെ ഒരു നഗരത്തിൽ നിന്നാണ് മിയാസാക്കി മാമ്പഴത്തിന് ഈ പേര് ലഭിച്ചതെന്നും പറയപ്പെടുന്നുണ്ട്. ശരാശരി 350 ഗ്രാമാണ് മിയസാക്കി മാമ്പഴങ്ങളുടെ ഭാരം. ആന്റിഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് ഈ മാമ്പഴം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഇവ ഏറ്റവും കൂടുതലായി വിളവെടുപ്പ് നടക്കുന്നത്.
Story highlights: 4 security guards and 6 dogs to protect ‘world’s most expensive mangoes