24 കാരറ്റ് സ്വർണ്ണത്തിൽ ഒരുക്കിയ കാപ്പിയുമായി ബുർജ് ഖലീഫയിൽ- ചിത്രങ്ങൾ പങ്കുവെച്ച് നടി ഐമ റോസ്മി

June 16, 2022

ദുബായ് നഗരത്തിന് സ്വർണ്ണത്തോടുള്ള പ്രിയം വളരെ വലുതാണ്. ഐസ്‌ക്രീം മുതൽ സ്ട്രീറ്റ് ഫുഡിലും ചോറ്, റൊട്ടി, കൂടാതെ ചായ, കാപ്പി എന്നിവയിലുമെല്ലാം സ്വർണത്തിന്റെ മേമ്പൊടി ചേർക്കുന്നത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നു. എങ്ങനെ സ്വർണം ആഹാരത്തിൽ ഉൾപ്പെടുത്തും എന്നോർത്ത് ആശങ്കപ്പെടേണ്ട, 23 നും 24 കാരറ്റിനും ഇടയിലുള്ള സ്വർണം കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്.

ഇപ്പോഴിതാ, 24 കാരറ്റ് ഗോൾഡൻ കോഫി കുടിച്ച അനുഭവം പങ്കുവെക്കുകയാണ് നടി ഐമ റോസ്മി. ബുർജ് ഖലീഫയിലെ ഷോപ്പിൽ നിന്നുമാണ് ഐമ ഗോൾഡൻ കോഫി കുടിച്ചത്. ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.ബുർജ് ഖലീഫയിലെ അറ്റ്മോസ്ഫിയർ ഹോട്ടൽ ആണ് ഇറ്റാലിയൻ കപ്പുച്ചിനോയ്ക്ക് സ്വര്ണത്തിളക്കം നൽകിയിരിക്കുന്നത്. ഈ പാനീയം 100% അറേബ്യൻ ബീൻസിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, കോഫിക്ക് മുകളിൽ 23 കാരറ്റ് സ്വർണ്ണ ഇലകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഭക്ഷ്യയോഗ്യമായ സ്വർണ്ണം സാധാരണയായി നേർത്ത ഷീറ്റുകളാക്കി അല്ലെങ്കിൽ പൊടിച്ചാണ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. അടിസ്ഥാനപരമായി സ്വാദില്ലാത്ത സ്വർണ്ണം രാസപരമായി നിഷ്ക്രിയമാണ്. അതായത് ദഹനസമയത്ത് അത് വിഘടിക്കില്ല. അതുകൊണ്ടുതന്നെ എളുപ്പത്തിൽ മാലിന്യമായി തള്ളിക്കളയും.അതിനാലാണ് ഭക്ഷ്യയോഗ്യമാണെന്നു പറയുന്നത്.

മലയാള സിനിമയിൽ വളരെയധികം കൗതുകവുമായി കടന്നുവന്ന നായികമാരാണ് ഐമ റോസ്മിയും ഐന റോസ്മിയും. ആദ്യമായി മലയാള സിനിമയിൽ ഇരട്ടസഹോദരിമാർ നായികമാരായി എത്തുന്നു എന്ന വാർത്തയിലൂടെയാണ് ഇരുവരും ശ്രദ്ധനേടിയത്. ദൂരം എന്ന ചിത്രത്തിൽ നായികമാരായി ഇരുവരും ചുവടുറപ്പിച്ചെങ്കിലും ഐമയാണ് സിനിമയിൽ സജീവമായത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൽവ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഐമ വേഷമിട്ടു.

Read Also: ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവേ അരികിലെത്തിയ തെരുവിലെ ബാലനെ ഓമനിക്കുന്ന യുവതി- ഹൃദയംതൊടും കാഴ്ച

നൃത്തരംഗത്തും സജീവമായ ഇരുവരും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ്. നിർമ്മാതാവ് സോഫിയ പോളിന്റെ മകനായ കെവിൻ പോളുമായി 2018ൽ വിവാഹിതയായ ശേഷം ഐമ ഇൻഡസ്ട്രിയിൽ സജീവമായിരുന്നില്ല. പടയോട്ടത്തിൽ മാത്രമാണ് പിന്നീട് വേഷമിട്ടത്.കുടുംബത്തോടൊപ്പം യുഎഇയിൽ സ്ഥിരതാമസമാക്കിയ ഐമ, നർത്തകി മൈഥിലി റോയിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിനീത് ശ്രീനിവാസന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ വേഷമിട്ടത്.

Story highlights- aima rosmy shares 24 k gold coffee photos