ബുർജ് ഖലീഫയെക്കാൾ ഉയരം; സൗദിയിലൊരുങ്ങുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബി

January 14, 2024

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ബഹുമതി ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ പേരിലാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും അതിശയകരമായ നിര്‍മിതിയെന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫ ഇതിനോടകം പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ബുര്‍ജ് ഖലീഫയുടെ ബഹുമതിയ്ക്ക് ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ( Saudi Arabia’s Jeddah tower set to surpass Burj Khalifa )

സൗദി അറേബ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന ജിദ്ദ് ടവര്‍ അഥവ കിങ്ഡം ടവറായിരിക്കും ഈ ബഹുമതി സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. നിക്ഷേപകനായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ജിദ്ദ ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ളതായിരിക്കുമെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അധികൃതര്‍ പറയുന്നത്. ജിദ്ദ ടവറിന് 1,000 മീറ്ററിലധികം ( 1 കിലോമീറ്റര്‍; 3281 അടി ) ഉയരമുണ്ടാകുമെന്നാണ് സൂചന.

ആഢംബര ഭവനങ്ങള്‍, ഓഫിസ് സ്‌പേസ്, സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയാണ് ഈ ടവറിലുണ്ടാകുക. അതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണാലയവും ഈ അംബരചുംബിയായ കെട്ടിടത്തിലുണ്ടാകും. ജിദ്ദ ഇകണോമിക് കമ്പനിയ്ക്കാണ് നിര്‍മാണ ചുമതലയുള്ളത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് റിപ്പോര്‍ട്ട് പ്രകാരം 1.3 ബില്യണ്‍ ഡോളറാണ് ജിദ്ദ ടവറിന്റെ പ്രാഥമിക നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

63 നിലകളുള്ള ജിദ്ദ ടവര്‍ 2013 ഡിസംബറില്‍ പൈലിങ് ജോലികള്‍ പൂര്‍ത്തിയാക്കി 2014 സെപ്റ്റംബറില്‍ ഗ്രൗണ്ടിന് മുകളിലുള്ള നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ ഈ പ്രൊജക്ടിലെ പ്രധാനപ്പെട്ട നിക്ഷേപകരായ
അല്‍വലീദ് രാജകുമാരനും ബക്കര്‍ ബിന്‍ ലാദനും ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ നേരിട്ടതോടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പിന്നീട് 2023 സെപ്റ്റംബറിലാണ് പുനരാരംഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചെങ്കിലും നിര്‍ദ്ദിഷ്ട പൂര്‍ത്തീകരണ തീയതി പുറത്തുവിട്ടിട്ടില്ല.

Read Also : “ഇങ്ങനെയാണ് ഞാൻ ആത്മവിശ്വാസം ധരിക്കുന്നത്”; കപൂർ സിസ്റ്റേഴ്സിന്റെ അപൂർവ്വ ചിത്രം!

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബുര്‍ജ് ഖലീഫയുടെ പേരിലുള്ള നിരവധി ബഹുമതികളെല്ലാം ജിദ്ദ ടവര്‍ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2004-ല്‍ നിര്‍മാണം ആരംഭിച്ച ബുര്‍ജ് ഖലീഫ 2010-ലാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 828 മീറ്റര്‍ ഉയരത്തിലുള്ള കെട്ടിടമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള നിര്‍മിതി എന്ന ബഹുമതി കയ്യടക്കിവച്ചിരുന്നത്.

Story highlights : Saudi Arabia’s Jeddah tower set to surpass Burj Khalifa