മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി ഭാവന; പുതിയ ചിത്രം ഷെയ്ൻ നിഗത്തിനൊപ്പം..?

മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയതാരം ഭാവന. ഒരിടവേളയ്ക്ക് ശേഷം ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന മലയാള സിനിമയിലൂടെ നടി മലയാളത്തിലേക്ക് തിരികെ വരുന്ന വാർത്ത സിനിമ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പിന്നാലെ ഭാവന പ്രധാന കഥാപാത്രമാകുന്ന മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. ചിത്രത്തിൽ ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
അതേസമയം പ്രിയതാരം ഭാവന മുഖ്യകഥാപാത്രമാകുന്ന ഹ്രസ്വ ചിത്രമാണ് ദ് സർവൈവൽ. മാധ്യമപ്രവർത്തകനായ എസ് എൻ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രം അതിജീവനത്തിന്റെ കഥ പറയുന്ന ഒരു സ്ത്രീപക്ഷ ചിത്രമാണെന്നാണ് സൂചന.
Read also: യാത്രയ്ക്കിടെ സഹയാത്രികയുടെ അപ്രതീക്ഷിത സമ്മാനം; ഹൃദയം കൊണ്ടെറ്റെടുത്ത് ഒരമ്മ, വിഡിയോ
മലയാള സിനിമയിലൂടെയാണ് ഭാവനയുടെ സിനിമ തുടക്കമെങ്കിലും ഇപ്പോൾ കന്നഡ സിനിമകളിലാണ് താരം സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി അന്യഭാഷകളിൽ റിലീസിന് ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമായതും. മലയാളത്തിൽ ഏറ്റവും ഒടുവിൽ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന വേഷമിട്ടത്.
Story highlights: Bhavana’s latest Malayalam movie with Shane Nigam