യാത്രയ്ക്കിടെ സഹയാത്രികയുടെ അപ്രതീക്ഷിത സമ്മാനം; ഹൃദയം കൊണ്ടേറ്റെടുത്ത് ഒരമ്മ, വിഡിയോ

June 5, 2022

അപരിചിതരായ ആളുകളിൽ നിന്നും നിങ്ങൾക്കൊരു സർപ്രൈസ് കിട്ടിയാൽ എങ്ങനെയായിരിക്കും പ്രതികരിക്കുക. തീർച്ചയായും ആ നിമിഷം പിന്നീട് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ അത്തരത്തിൽ വളരെ അപ്രതീക്ഷിതമായി ട്രെയിൻ യാത്രക്കിടെ ഒരു സ്ത്രീയ്ക്ക് സഹയാത്രികയിൽ നിന്നും ലഭിച്ച സർപ്രൈസ് സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ നിന്നുള്ള ദൃശ്യങ്ങൾ ഈ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും.

യാത്രയ്ക്കിടെ ആർട്ടിസ്റ്റായ യുവതി തന്റെ എതിർവശത്തിരുന്ന സ്ത്രീയുടെ ചിത്രം വരയ്ക്കുന്ന വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. അലിഷ വിവേക് എന്ന യുവതിയാണ് അടുത്തിരുന്ന സ്ത്രീയുടെ ചിത്രങ്ങൾ തന്റെ കൈയിലെ പേപ്പറിൽ പകർത്തിയത്. അലിഷ തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും.

‘ഈ സ്ത്രീയും ഞാനും ഒരേ സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നത്. ഞങ്ങൾ പരസ്പരം സഹായം ചെയ്യുകയോ കൂടുതൽ അടുത്തറിയുകയോ ചെയ്തിട്ടില്ല, എങ്കിലും അവരെന്റെ പുസ്തകത്തിന്റെ ഒരു പേജിൽ നിറഞ്ഞുനിന്നു. ഞാൻ വരച്ച അവരുടെ ചിത്രം അവരെ കാണിച്ചപ്പോൾ അവർ വളരെയധികം സന്തോഷിച്ചു. ഒരുപാട് നന്ദിയും പറഞ്ഞു. എല്ലാം എനിക്ക് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല. മുംബൈ ലോക്കൽ ട്രെയിനിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് മനുഷ്യരെ ദിവസവും നിങ്ങൾ കണ്ടേക്കാം. കൈയിൽ എപ്പോഴും ചിത്രങ്ങൾ പകർത്താനുള്ള വസ്തുക്കൾ ഞാൻ കൊണ്ടുനടക്കാറുണ്ട് കാരണം എപ്പോഴാണ് മറ്റുള്ളവരുടെ മുഖത്ത് ചിരി നിറയ്ക്കുന്ന ആശയം മനസ്സിൽ തോന്നുക എന്ന് പറയാൻ കഴിയില്ലല്ലോ.?’ എന്നാണ് യുവതി ചിത്രത്തിനൊപ്പം കുറിച്ചത്.

Read also: കേരളത്തിൽ വമ്പൻ ഹിറ്റായി ‘വിക്രം’; ആദ്യ ദിന കളക്ഷനിൽ റെക്കോർഡിട്ട് കമൽ ഹാസൻ ചിത്രം

വിഡിയോ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് ഈ കലാകാരിയ്ക്ക് അഭിനന്ദനങ്ങളുമായി വരുന്നത്. മറ്റുള്ളവരുടെ മുഖത്ത് ഒരു ചിരി വിടരാൻ നിങ്ങൾ കരണമായെങ്കിൽ അത് വളരെ മനോഹരമായൊരു കാര്യമാണ് എന്നാണ് പലരും കുറിയ്ക്കുന്നത്.

Story highlights: Artist makes a sketch of fellow traveller and her sweet reaction