കേരളത്തിൽ വമ്പൻ ഹിറ്റായി ‘വിക്രം’; ആദ്യ ദിന കളക്ഷനിൽ റെക്കോർഡിട്ട് കമൽ ഹാസൻ ചിത്രം

June 4, 2022

വലിയ കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് കമൽ ഹാസന്റെ ‘വിക്രം’ തിയേറ്ററുകളിലെത്തിയത്. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വലിയ ആവേശത്തിലായിരുന്നു സിനിമ ആരാധകർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.

അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും നൽകി അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിമനോഹരമായാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് നിർവഹിച്ചിരിക്കുന്നത്.

കേരളത്തിലും ചിത്രം വലിയ വിജയമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം നേടിയത് 5 കോടിയിലേറെ രൂപയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഈ വർഷം കേരളത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് ‘വിക്രം.’

മികച്ച ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് പ്രേക്ഷകർക്കായി ലോകേഷ് കനകരാജ് ഒരുക്കി വച്ചിരുന്നത്. തന്റേതായ ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ‘കൈതി’ എന്ന ചിത്രത്തിലെ നിരവധി റെഫെറൻസുകൾ വിക്രത്തിലുണ്ട്. ഒപ്പം കമൽ ഹാസന്റെ തന്നെ നിരവധി ചിത്രങ്ങളുടെയും റെഫെറൻസുകൾ വിക്രത്തിലുടനീളം കാണാം.

Read More: ‘പുഷ്പ’യിലെ മാസ്സ് രംഗങ്ങളുടെ വിഎഫ്എക്സ് പുറത്തുവിട്ട് അണിയറപ്രവർത്തകർ- വിഡിയോ

മലയാളിയായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ഒരുക്കിയ രാത്രികാല ദൃശ്യങ്ങൾ തിയേറ്ററിൽ തന്നെ കണ്ടനുഭവിക്കേണ്ട കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ ക്യാമറയുടെ ചലനങ്ങൾക്കും വലിയ കൈയടിയാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്.

Story Highlights: Vikram gets huge response from kerala box office