‘കുക്കു കുക്കു കുയിലേ…’ ഗംഭീരമായി പാടിയ ഇഞ്ചിക്കുഞ്ചിയ്ക്ക് സർപ്രൈസ് സമ്മാനമൊരുക്കി ബിന്നി കൃഷ്ണകുമാർ

June 3, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഓരോ പാട്ടുകാർക്കും ആരാധകർ ഏറെയാണ്. കുരുന്നുകളുടെ ആലാപനത്തിലെ മനോഹാരിതയും കുസൃതിനിറഞ്ഞ വർത്തമാനങ്ങളുമാണ് ഈ കൊച്ചുഗായകരെ മലയാളികൾ ഇത്രമേൽ ഹൃദയത്തിലേറ്റാൻ കാരണം. അത്തരത്തിൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഏറെ ആരാധകരുള്ള ഒരു കുഞ്ഞുമോളാണ് ദേവനശ്രീയ. പാട്ട് വേദിയിലെ ഈ കുഞ്ഞുമോളെ ഏറെ സ്നേഹത്തോടെ ഇഞ്ചിക്കുഞ്ചി എന്നാണ് ജഡ്ജസ് വിളിക്കുന്നത്.

ഇപ്പോഴിതാ അതിമനോഹരമായ ആലാപനത്തിലൂടെ പാട്ട് വേദിയുടെ ഹൃദയം കവരാൻ എത്തിയിരിക്കുകയാണ് ദേവനക്കുട്ടി. ‘കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ…’എന്ന ഗാനമാണ് ഈ കുഞ്ഞുമോൾ വേദിയിൽ ആലപിക്കുന്നത്. ‘നക്ഷത്രങ്ങൾ പറയാതിരുന്നത്’ എന്ന ചിത്രത്തിലെ ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മോഹൻ സിത്താര ഈണം നൽകിയ ഗാനം കെ എസ് ചിത്രയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടാസ്വദിച്ചത്. ഈ ഗാനം ഗംഭീരമായി പാടി വേദിയിൽ കൈയടി മേടിക്കുന്നുണ്ട് ദേവനക്കുട്ടിയും.

മനോഹരമായി പാട്ട് പാടുന്ന കുഞ്ഞുമോൾക്കായി ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഗായിക ബിന്നി കൃഷ്ണകുമാർ മറ്റൊരു സർപ്രൈസും ഒരുക്കിവെച്ചിരുന്നു. സുന്ദരമായി പാട്ട് പാടിയ ദേവനക്കുട്ടിയെ അടുത്തുവിളിച്ച് ഒരു മോതിരം സമ്മാനമായി നൽകുന്നുണ്ട് ബിന്നി കൃഷ്ണകുമാർ.

Read also: റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ്; തൃക്കാക്കരയിൽ വിജയം ഉറപ്പിച്ചു

കുഞ്ഞുപാട്ടുകാരുടെ ഗാനങ്ങൾ ആസ്വദിക്കുകയും അവർക്കൊപ്പം രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാനുമായി എത്തുന്നത് വേദിയിലെ വിധികർത്താക്കളായ എം ജയചന്ദ്രനും എംജി ശ്രീകുമാറും ഗായിക ബിന്നി കൃഷ്ണകുമാറുമാണ്. കുരുന്നുകളുടെ പാട്ടിലെ പോരായ്മകൾ തിരുത്തി നൽകിയും കുഞ്ഞുങ്ങൾക്കൊപ്പം രസകരമായ നിമിഷങ്ങൾ സമ്മാനിച്ചും വേദിയെ കൂടുതൽ ഗംഭീരമാക്കാറുണ്ട് ഇവർ. ചിലപ്പോഴൊക്കെ സിനിമ മേഖലയിലെ പ്രമുഖരും സംഗീത പ്രമുഖരുമൊക്കെ കുരുന്നുപാട്ടുകാരെ കാണാനും അവർക്കൊപ്പം നിമിഷങ്ങൾ പങ്കുവയ്ക്കാനുമായി അതിഥികളായി ഈ വേദിയിൽ എത്താറുണ്ട്.

Story highlights: Binny Krishnakumar gift to Devanasriya