റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ്; തൃക്കാക്കരയിൽ വിജയം ഉറപ്പിച്ചു

June 3, 2022

തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിച്ചു. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് ജയിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2021 ഭർത്താവ് പി.ടി.തോമസിനു ലഭിച്ച 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തേയും 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷത്തെയും മറികടന്നാണ് ഉമ തോമസിന്റെ വിജയം.

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിനിയായിരുന്ന ഉമാ തോമസ് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് പാർട്ടിയുടെ വളർച്ച അടുത്തറിഞ്ഞ ഉമ, കുടുംബവും ജോലിത്തിരക്കുമെല്ലാമായി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഭർത്താവ് പിടി തോമസിന്റെ മരണശേഷം രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഉമ തോമസ്.

അതേസമയം ഉമ തോമസിന്റെ വിജയത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ പ്രതികരിച്ചു. പി.ടി തോമസിന്റെ ജീവിതത്തിനും മണ്ഡലത്തിലെ പ്രവർത്തനത്തിനും ജനങ്ങൾ നൽകിയ ആദരവാണ് ഉമ തോമസിന്റെ ഭൂരിപക്ഷമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ് പറഞ്ഞു.

Read also; അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. തോൽവിയുടെ കാരണം പരിശോധിക്കുമെന്നും തന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി എന്നും ജോ ജോസഫ് പ്രതികരിച്ചു. ഇത് പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാന്നെന്നും കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story highlights; Thrikkakara Uma Thomas won- election updates