‘ഞാൻ അവന്റെ കടുത്ത ആരാധകൻ’; പേസർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസ താരം ബ്രെറ്റ് ലീ
ഈ കഴിഞ്ഞ ഐപിഎൽ സീസണിലെ വളരെ കുറച്ചു മത്സരങ്ങൾ കൊണ്ട് ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച താരമാണ് ഉമ്രാൻ മാലിക്ക്. തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗതയിൽ പന്തെറിയുന്ന താരത്തെ പ്രശംസിച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു.
ഐപിഎല്ലിലെ ഫൈനൽ മത്സരം വരെ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഉമ്രാന്റെ പേരിലായിരുന്നു. ഫൈനലിൽ ലോക്കി ഫെർഗൂസനനാണ് താരത്തിന്റെ റെക്കോർഡ് തകർത്തത്. കഴിഞ്ഞ സീസണിലെ എമേര്‍ജിംഗ് പ്ലയറായി തിരഞ്ഞെടുക്കപ്പെട്ടതും ഉമ്രാൻ മാലിക്ക് തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ ഓസ്ട്രേലിയയുടെ ഇതിഹാസ താരം ബ്രെറ്റ് ലീ ഉമ്രാൻ മാലിക്കിനെ പുകഴ്ത്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. താൻ ഉമ്രാന്റെ വലിയ ആരാധകനാണെന്നും എതിർ ടീമിൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കാനുള്ള പേസ് ഉമ്രാന്റെ പന്തുകൾക്കുണ്ടെന്നും ബ്രെറ്റ് ലീ പറയുന്നു. ഉമ്രാന്റെ റണ്ണപ്പ് കാണുമ്പോള്‍ മുൻ പാകിസ്ഥാൻ താരം വഖാർ യൂനിസിനെയാണ് തനിക്ക് ഓർമ വരുന്നതെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.
നേരത്തെ ഉമ്രാനെ പറ്റി ഹർഭജൻ സിംങ് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടും ദേശീയ ടീമിൽ കളിക്കാത്ത താരങ്ങളൊന്നും ലോകക്രിക്കറ്റിൽ ഇല്ലെന്നും ഉമ്രാനെ ദേശീയ ടീമിലെടുക്കണമെന്നുമാണ് ഹർഭജൻ പറഞ്ഞത്. ഒരുപാട് യുവാക്കൾക്ക് പ്രചോദനമാവാൻ കഴിയുന്ന താരമാണ് ഉമ്രാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഐപിഎൽ ഫൈനൽ മത്സരത്തിൽ ലോക്കി ഫെർഗൂസൻ തകർക്കുന്നത് വരെ കഴിഞ്ഞ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഉമ്രാന്റെ പേരിലായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായുള്ള മത്സരത്തിൽ 157 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്തിലൂടെയാണ് ഉമ്രാൻ റെക്കോർഡ് സ്വന്തമാക്കിയത്.
Story Highlights: Brett lee says he is a fan of umran malik