സ്വപ്നംകണ്ട ദ്വീപിൽ വിവാഹിതരാകാനെത്തിയവർക്ക് ലഗേജ് നഷ്ടപ്പെട്ടു; വിവാഹം നടത്താൻ ഒരു നാട് മുഴുവൻ ഒത്തുചേർന്നു- ഉള്ളുതൊട്ട അനുഭവം

June 28, 2022

വിവാഹമെന്നത് നാളുകൾ നീണ്ട ആസൂത്രണത്തിന്റെയും സ്വപ്നങ്ങളുടേയുമെല്ലാം സാക്ഷാത്കാരമാണ്. എല്ലാവര്ക്കും കാണും വിവാഹം ഏതുരീതിയിലായിരിക്കണം എന്നും എവിടെ നടത്തണം എന്നതൊക്കെ. എന്നാൽ മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷം സ്വപ്നം കണ്ട ഡെസ്റ്റിനേഷനിൽ തന്നെ കല്യാണം പ്രതിസന്ധിയിലാകുന്നതിനേക്കാൾ ഹൃദയഭേദകമായ മറ്റൊന്നില്ല. അങ്ങനെയൊരു അവസ്ഥയിലായിരുന്നു അമാൻഡയും പോൾ റീസലും വിവാഹിതരാകാൻ സ്‌കോട്ട്‌ലൻഡിലെ ഐൽ ഓഫ് സ്‌കൈയിലെത്തിയത്. അമേരിക്കയിൽ നിന്ന് 6,400 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ഇവിടേക്ക് എത്തിയത്.

അമേരിക്കൻ ദമ്പതികൾ സ്കോട്ട്ലൻഡിൽ ഇറങ്ങിയതും അവരുടെ എല്ലാ ലഗേജുകളും നഷ്ടപ്പെട്ടതായി മനസിലാക്കി. നഷ്ടപ്പെട്ട ബാഗുകളിൽ അവരുടെ വിവാഹ വസ്ത്രങ്ങളായിരുന്നു. ഇതോടെ അവർ കല്യാണം വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ചു. അപ്പോഴാണ് അവരുടെ ഫോട്ടോഗ്രാഫറായ റോസി വുഡ്ഹൗസ്, മറ്റൊരു കാര്യം പ്ലാൻ ചെയ്തത്. റോസി സോഷ്യൽ മീഡിയയിൽ ഐൽ ഓഫ് സ്കൈ കമ്മ്യൂണിറ്റിയിൽ എത്തി കാര്യം അവതരിപ്പിച്ചു. അമ്പരപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. റിപ്പോർട്ട് അനുസരിച്ച്, കമ്മ്യൂണിറ്റിയിൽ നിന്ന് എട്ട് വിവാഹ വസ്ത്രങ്ങൾ, സ്യൂട്ടുകൾ എന്നിവ അമാൻഡയ്ക്കും പോളിനും ലഭിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെയൊരു സഹായം ലഭിച്ചതിൽ ഇരുവരും സന്തുഷ്ടരായി.വിവാഹം എങ്ങനെയെല്ലാം വേറിട്ടതാകാം എന്ന ചിന്തയിലാണ് ആളുകൾ ഇപ്പോൾ. അത്രയധികം പരീക്ഷണങ്ങളാണ് നടക്കുന്നത്. അതേസമയം, അടുത്തിടെ കേരളത്തിൽ ഒരു ദമ്പതികൾ വിവാഹ ആൽബം പുനരാവിഷ്കരിച്ചത് വൈറലായി മാറിയിരുന്നു.

Read Also: ‘ചപ്പാത്തി മുയ്‌മൻ മീമീ എടുത്തു..’- മകന്റെ രസകരമായ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

വെഞ്ഞാറമൂട് സ്വദേശികളായ അനീഷും രജിതയും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. എന്നാൽ രജിതയുടെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നില്ല. അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടമാകുമെന്ന പേടിയും ദുഃഖവും രജിതയുടെ മുഖത്ത് പ്രകടമാണ്. അതോടൊപ്പം അധ്യാപികയായ താൻ ഒളിച്ചോടുന്നതിലുള്ള കുറ്റബോധവും രജിതയ്ക്ക് ഉണ്ടായിരുന്നു. വിവാഹശേഷം കാറും കോളും ഒഴിഞ്ഞ് കുടുംബം ഒന്നായെങ്കിലും ദുഃഖം അവശേഷിച്ചത് ആ വിവാഹ ആൽബത്തിൽ ആയിരുന്നു. എട്ടുവർഷത്തിന് ശേഷം ഇവർ നിറചിരിയോടെ ആ വിവാഹം വീണ്ടും ആൽബത്തിനായി ആവിഷ്കരിക്കുകയായിരുന്നു.

Story highlights-  Couple lose luggage before their dream destination wedding