ക്രിക്കറ്റ് ജീവിതം മാറ്റിമറിച്ചത് ധോണി; കരിയറിന്റെ തുടക്കത്തിൽ ധോണിയിൽ നിന്ന് ലഭിച്ച ഉപദേശത്തെ പറ്റി ഹർദിക് പാണ്ഡ്യ
അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ കിരീടം ഉയർത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്തിന്റെ കിരീട നേട്ടത്തിൽ ഏറ്റവും നിർണായക പങ്ക് വഹിച്ചത് നായകൻ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി തന്നെയാണ്. ടീമിനെ മുന്നിൽ നിന്ന് നയിച്ച പാണ്ഡ്യ എടുത്ത തീരുമാനങ്ങളാണ് പല നിർണായക ഘട്ടങ്ങളിലും ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്.
നായകനായി തന്റെ കഴിവ് തെളിയിച്ച ഹർദിക്കിനെ തേടി ഇപ്പോൾ പുതിയൊരു ഉത്തരവാദിത്തം വന്നിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ നായക സ്ഥാനമാണ് ഇപ്പോൾ ഹർദിക്കിനെ തേടിയെത്തിയിരിക്കുന്നത്. അയർലന്റിനെതിരെയുള്ള ടി 20 പരമ്പരയിൽ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ഇപ്പോൾ തന്റെ ക്രിക്കറ്റ് കരിയറിലെ നിർണായക ഘട്ടത്തിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി തന്ന ഉപദേശമാണ് നിർണായകമായത് എന്നാണ് താരം പറയുന്നത്. സമ്മർദ്ദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്ന് താൻ ധോണിയോട് ചോദിച്ചിരുന്നു. അപ്പോൾ നിങ്ങളുടെ സ്കോർ എത്രയാണെന്ന് ചിന്തിക്കാതെ ടീമിന് എന്താണ് ആവശ്യം എന്നാലോചിക്കുക എന്നദ്ദേഹം പറഞ്ഞുവെന്നാണ് ഹർദിക് പറയുന്നത്. ഈ ഉപദേശം തന്റെ കരിയറിൽ ഏറെ നിർണായകമായെന്നും ഓരോ സാഹചര്യത്തിന് അനുസരിച്ചാണ് താൻ കളിക്കുന്നതെന്നും താരം പറഞ്ഞു.
Read More: രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാൻ പോകുന്നതാര്..?; പ്രവചനവുമായി മുൻ ഇന്ത്യൻ താരം
അതേ സമയം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച സ്വന്തം ആരാധകർക്ക് മുൻപിൽ അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ കിരീടം നേടുകയായിരുന്നു ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്.
Story Highlights: Hardik pandya shares an advice he got from dhoni