“എന്നെന്നും പ്രിയപ്പെട്ട കേരളത്തിന്..”; പിറന്നാളാശംസകൾക്ക് നന്ദി പറഞ്ഞു കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ തുറന്ന കത്ത്

June 20, 2022

മലയാളികളുടെ പ്രിയപ്പെട്ട ആശാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച്. തുടർച്ചയായ ഐഎസ്എൽ സീസണുകളിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിച്ചാണ് ഇവാൻ കഴിഞ്ഞ സീസണിലെ ഫൈനലിലേക്കെത്തിച്ചത്. ആരാധകർക്കും ഏറെ പ്രിയപ്പെട്ടയാളാണ് ഇവാൻ.

ഇന്നലെ ആയിരുന്നു ഇവാന്റെ ജന്മദിനം. 45-ാം പിറന്നാൾ ആഘോഷിച്ച ഇവാന് നിരവധി ആശംസകളാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഞ്ഞപ്പടയുടെ ആരാധകരുടെ ആശംസകൾ ഇവാനെ തേടിയെത്തുകയായിരുന്നു. ആരാധകരുടെ ആശംസകളും സ്നേഹവും കൊണ്ട് തന്റെ മനസ്സ് നിറഞ്ഞുവെന്നാണ് ഇവാൻ പറയുന്നത്. ഒരു തുറന്ന കത്തിലൂടെയാണ് ഇവാൻ ആശംസകൾക്ക് നന്ദി അറിയിച്ചത്. ആരാധകരുടെ വിലപ്പെട്ട സമയം തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി മാറ്റിവച്ചതിൽ നന്ദിയുണ്ടെന്ന് ഇവാൻ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്‍റെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും വുകോമനോവിച്ച് കൂട്ടിച്ചേർത്തു.

അതേ സമയം ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഫൈനൽ മത്സരത്തിൽ ആറ് വർഷം മുൻപത്തെ ചരിത്രം അതേപടി ആവർത്തിക്കുക ആയിരുന്നു. ഒരു മലയാളി നേടിയ ഗോളിലൂടെ ലീഡ് നേടി വിജയ പ്രതീക്ഷകൾ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം നേടുകയും ചെയ്‌തു.

Read More: സെറ്റിൽ ഒരു സർപ്രൈസ് വിസിറ്റ്; അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷത്തിൽ ബേസിൽ ജോസഫ്-വൈറൽ ചിത്രങ്ങൾ

സീസണിന് ശേഷം തിരികെ ബെൽജിയത്തിലേക്ക് പോയ ഇവാൻ അടുത്ത മാസം തന്നെ തിരികെ കൊച്ചിയിലെത്തും. അടുത്ത ഐഎസ്എൽ സീസണിലേക്ക് ഇപ്പോഴേ തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ എന്തായാലും കപ്പടിക്കണം എന്ന വാശിയിൽ തന്നെയാണ് ഇവാനും ടീമും. ഒക്ടോബർ 6 നാണ് അടുത്ത ഐഎസ്എൽ സീസൺ തുടങ്ങുന്നത്.

Story Highlights: Ivan vukomanovic thanks fans for birthday wishes