റിലീസിന് മുൻപേ ഹിറ്റാകാൻ കമൽഹാസൻ ചിത്രത്തിലെ ടൈറ്റിൽ സോങ്; ‘വിക്രം’ നാളെ മുതൽ പ്രേക്ഷകരിലേക്ക്

June 2, 2022

സിനിമ ആരാധകർ അക്ഷമാരായി കാത്തിരിക്കുകയാണ് കമൽഹാസൻ ചിത്രം വിക്രത്തിനായി. നാളെ മുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിഷ്‍ണു ഇടവന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട്, പാടിയ ഗാനം പുറത്തിറങ്ങിയതുമുതൽ പാട്ട് പ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കമൽഹാസനും വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയനായകൻ ഫഹദ് ഫാസിലും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഒപ്പം അതിഥി വേഷത്തിൽ ചിത്രത്തിൽ സൂര്യയും എത്തും. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ‘പോർക്കണ്ട സിങ്കം’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറും സിനിമാ പ്രേമികൾക്കിടയിൽ വലിയ രീതിയിൽ ആവേശം സൃഷ്ടിച്ചിരുന്നു. അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ കമൽ ഹാസനും ഫഹദുമെല്ലാം കാഴ്ചവയ്ക്കുന്നത്. ഇത് ഉറപ്പുവരുത്തിക്കൊണ്ടാണ് ട്രെയ്‌ലറും പുറത്തുവരുന്നത്.

അതേസമയം കമൽ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിഞ്ഞ് എത്തുകയാണ് കമൽ.

Read also: വർഷങ്ങളോളം ഒരേ ഇടത്തിൽ ജോലി ചെയ്തിട്ടും തിരിച്ചറിഞ്ഞില്ല, 20 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൻ….

അതേസമയം നിരവധി ചിത്രങ്ങളുമായി തമിഴ് സിനിമ മേഖലയിൽ തിരക്കുള്ള താരമാണ് കമൽഹാസൻ. ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വിക്രം. ജൂണ്‍ 3(നാളെ) മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സിനിമയുടെ ഒടിടി റിലീസ് ഡിസ്‌നി ഹോട് സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.

Story highlights: Kamal Haasan Vikram’s song