പ്രശ്‌നക്കാരി എന്ന് പറഞ്ഞ് വീട്ടുകാർ ഒഴിവാക്കി, ഇന്ന് സൂപ്പർ സ്റ്റാർ; ‘777 ചാർലി’യിലെ കേന്ദ്രകഥാപാത്രമായ നായക്കുട്ടിയുടെ വിശേഷങ്ങളുമായി സംവിധായകൻ കിരൺ രാജ്

June 9, 2022

നാളെയാണ് രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’ തിയേറ്ററുകളിലെത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്‌ത ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം വലിയ പ്രശംസ നേടിയിരുന്നു.

പ്രേക്ഷകരെ ഏറെ ആകർഷിച്ചത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചാർളിയെ അവതരിപ്പിച്ച നായക്കുട്ടി തന്നെയായിരുന്നു. അതിമനോഹരമായ പ്രകടനമാണ് ഈ നായക്കുട്ടി ചിത്രത്തിൽ കാഴ്ച്ചവെച്ചതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ചാർളി എന്ന വിളിപ്പേരിൽ തന്നെ അറിയപ്പെടുന്ന നായക്കുട്ടിയുടെ പ്രകടനമാണ് ട്രെയ്‌ലറിലും ഗാനങ്ങളിലും പ്രേക്ഷകരുടെ മനസ്സ് കവരുന്നത്.

ഇപ്പോൾ ചിത്രത്തിലേക്ക് ചാർളി എത്തിയതിന്റെ രസകരമായ കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ കിരൺരാജ്. കഴിഞ്ഞ 5 വർഷത്തോളമായി ചിത്രം ചെയ്യാനുള്ള പ്രയത്നത്തിൽ തന്നെയായിരുന്നു കാസർഗോഡുകാരൻ കൂടിയായ കിരൺരാജ്. ഒന്നര വർഷത്തോളമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ രചന പൂർത്തിയാക്കിയത്. അതിന് ശേഷമാണ് കേന്ദ്രകഥാപാത്രമായ ചാർളിയെ അവതരിപ്പിക്കാൻ നായക്കുട്ടിയെ തിരഞ്ഞു തുടങ്ങിയത്.

ചാർളി എങ്ങനെ ആയിരിക്കണമെന്നതിനെ പറ്റി കിരൺരാജിന് കൃത്യമായ ധാരണയുണ്ടായിരുന്നു. വലിയ പ്രശ്‌നങ്ങൾ വീട്ടിലുണ്ടാക്കുന്നത് കാരണം വീട്ടുകാർ ഉപേക്ഷിക്കാൻ ശ്രമിച്ച ഒരു നായക്കുട്ടി ആണ് ഒടുവിൽ ചാർളിയായി ചിത്രത്തിലേക്കെത്തിയത്. കിരൺരാജ് മനസ്സിൽ കണ്ട അതേ പോലെ തന്നെയായിരുന്നു ചാർളി. പിന്നീട രണ്ടര വർഷത്തോളം ചാർളിക്കുള്ള പരിശീലനമായിരുന്നു. നായക്കുട്ടിയോടൊപ്പം എങ്ങനെ അഭിനയിക്കണം എന്നതിൽ രക്ഷിത് ഷെട്ടിയടക്കമുള്ള അഭിനേതാക്കൾക്കും പരിശീലനം ലഭിച്ചിരുന്നു.

Read More: “എൻ സർവ്വമേ..”; രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ലിയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ റിലീസ് ചെയ്‌തു

അതേ സമയം ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു. നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, പൃഥ്വിരാജ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടത്. ഒരു ഫീൽ ഗുഡ് മൂവിയായി ഒരുങ്ങുന്ന ചിത്രം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി 5 ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ സൂപ്പർതാരം പൃഥ്വിരാജാണ് ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Story Highlights: Kiranraj about finding the dog for 777 charlie