വർഷങ്ങളോളം ഒരേ ഇടത്തിൽ ജോലി ചെയ്തിട്ടും തിരിച്ചറിഞ്ഞില്ല, 20 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൻ….
മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമാണ്… ജീവിതത്തിലെ ചില സാഹചര്യങ്ങൾ സ്വന്തം മാതാപിതാക്കളിൽ നിന്നും ചില കുട്ടികളെ അകറ്റിയേക്കാം. അത്തരത്തിൽ സ്വന്തം അമ്മയിൽ നിന്നും ചെറുപ്പത്തിൽ അകറ്റപ്പെട്ടവനാണ് ബെഞ്ചമിൻ ഹൾബെർഗ് എന്ന യുവാവ്. ചെറുപ്പത്തിൽ തന്നെ ഏഞ്ചല- ബ്രയാൻ ഹൾബർഗ് ദമ്പതികളാണ് ബെഞ്ചമിൻ ഹൾബെർഗിനെ ദത്തെടുത്തത്. എന്നാൽ അവന്റെ സ്വന്തം മാതാപിതാക്കളെക്കുറിച്ച് ഏഞ്ചലയും ബ്രയാൻ ഹൾബർഗും അവനോട് എപ്പോഴും സംസാരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കൽ തന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ബെഞ്ചമിന്‍ ഉണ്ടായിരുന്നു. അങ്ങനെ ഏറെ കാലത്തെ തിരച്ചിലിനൊടുവിൽ ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം ബെഞ്ചമിൻ സ്വന്തം അമ്മയെ കണ്ടെത്തി.
അമ്മയെ കണ്ടെത്തുന്നതിനായി പഴയ അഡ്രസുകൾ തിരഞ്ഞുപിടിച്ച് കത്തുകൾ എഴുതുകയും ദത്തെടുക്കൽ രജിസ്ട്രിയിൽ സൈൻ അപ്പ് ചെയ്യുകയും ഡിഎൻഎ ടെസ്റ്റ് നടത്തുകയുമൊക്കെ ചെയ്തിരുന്നു ബെഞ്ചമിൻ. എന്നാൽ ഇതിൽ നിന്നൊന്നും ബെഞ്ചമിന്‍ സ്വന്തം മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നവംബറിൽ തനിക്ക് വന്ന ഒരു പിറന്നാൾ ആശംസയിൽ നിന്നുമാണ് തന്റെ അമ്മയിലേക്കുള്ള കൃത്യമായ അന്വേഷണം ബെഞ്ചമിന്‍ സാധിച്ചത്. തുടർന്ന് അമ്മയെ കണ്ടെത്തിയപ്പോഴാണ് ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്നത് അവർ കണ്ടെത്തിയത്.
അതേസമയം ആദ്യകാലങ്ങളിൽ ഏഞ്ചലയും ബ്രയാനും ബെഞ്ചമിന്റെ ചിത്രങ്ങളും കത്തും ബെഞ്ചമിന്റെ യഥാർത്ഥ അമ്മയായ ഹോളിക്ക് അയക്കാറുണ്ടായിരുന്നു. പിന്നീട് കാലങ്ങൾ കഴിഞ്ഞതോടെ ആ കത്തുകൾ പതിയെ വരാതായി. എന്നാൽ സ്വന്തം മകനെക്കുറിച്ച് ആ ‘അമ്മ എപ്പോഴും അന്വേഷിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഫേസ്ബുക്കിലൂടെ ഈ മകനെ ‘അമ്മ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പക്ഷെ അവന്റ സന്തോഷം നിറഞ്ഞ ജീവിതം ദൂരെ നിന്ന് നോക്കിക്കാണാൻ മാത്രമാണ് ആ ‘അമ്മ ആഗ്രഹിച്ചത്.
Story highlights: Man reunites with biological mother after 20 years