ഒന്നര സെക്കൻഡിൽ റുബിക്‌സ് ക്യൂബ് പരിഹരിച്ച് യുവാവ്; അമ്പരപ്പിച്ച വിഡിയോയ്ക്ക് പിന്നിൽ വലിയൊരു ട്വിസ്റ്റ്!

June 2, 2022

ഒരു റൂബിക്‌സ് ക്യൂബ് പരിഹരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവർക്കും അത് നിസാരമായി ചെയ്യാനും സാധിക്കില്ല. കുറച്ച് പരിശ്രമിച്ചാൽ നീക്കങ്ങൾ പഠിച്ചാൽ അവ പരിഹരിക്കാൻ സാധിക്കുമെങ്കിലും നിസാരമല്ല എന്നതാണ് സത്യം. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വെറും 1.26 സെക്കൻഡിൽ ഒരു റൂബിക്സ് ക്യൂബ് പരിഹരിച്ച ഒരു യുവാവിന്റെ വിഡിയോയാണ്. 1.26 സെക്കൻഡിൽ റുബിക്‌സ് ക്യൂബ് പരിഹരിക്കുക എന്നാൽ അവിശ്വസനീയമാണ്.

‘റൂബിക്‌സ് ക്യൂബ് വേൾഡ് റെക്കോർഡ് – 1.26 സെക്കൻഡ്’ എന്ന തലക്കെട്ടിലാണ് ഹൈഡ് എന്ന വ്യക്തി ഈ വിഡിയോ പോസ്റ്റ് ചെയ്തത്.വിഡിയോയിൽ ഹൈഡ് ഒരു കസേരയിൽ ഇരിക്കുകയാണ്. ഒരു റൂബിക്സ് ക്യൂബ് മുന്നിലുള്ള ഒരു പെട്ടിയിൽ ഒളിപ്പിച്ചിട്ടുണ്ട്. മറ്റൊരാൾ പെട്ടി നീക്കം ചെയ്യുമ്പോൾ ഹൈഡ് റൂബിക്‌സ് ക്യൂബ് എടുത്ത് കണ്ണിമ ചിമ്മുന്നതിന് മുമ്പ് തന്നെ പരിഹരിക്കുന്നു. ടൈമർ അനുസരിച്ച് റൂബിക്സ് ക്യൂബ് 1.26 സെക്കൻഡിൽ പരിഹരിക്കപ്പെട്ടു.ചുറ്റുമുള്ളവർ അത്ഭുതത്തോടെയാണ് ഈ സംഭവത്തോട് പ്രതികരിക്കുന്നത്.

Read Also:പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

വിഡിയോ എല്ലാവരെയും അമ്പരപ്പിച്ചു. പലരും ക്യൂബ് ശരിയായി ഷഫിൾ ചെയ്തിട്ടില്ലെന്ന് കമന്റ് ചെയ്തു. എന്തായാലും എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹൈഡ്. ‘ഇതൊരു തമാശയാണ്, ഞാനൊരു മാന്ത്രികനാണ്’ എന്ന് വ്യക്തമാക്കി മറ്റൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അത്രവേഗത്തിൽ ക്യൂബ് പരിഹരിച്ചതെന്ന് വിഡിയോയിലൂടെ കാണിച്ചുതരുന്നുണ്ട്.

Story highlights- man solves Rubik’s Cube in 1.26 seconds tells truth behind viral video