വളർത്തുനായയുടെ പിറന്നാളിന് 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവും; സമ്മിശ്രപ്രതികരണവുമായി സോഷ്യൽ മീഡിയ
വളർത്തുമൃഗങ്ങളോട് ഏറെ കരുതലും സ്നേഹവുമുള്ള ഒരുപാട് കുടുംബങ്ങളെ ദിവസവും സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്താറുണ്ട്. വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയുമൊക്കെ വിഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലാകുന്ന ഇക്കാലത്ത് ഏറെ ശ്രദ്ധനേടുകയാണ് വീട്ടിലെ നായയുടെ പിറന്നാൾ അതിഗംഭീരമാക്കിയ ഒരു കുടുംബം. കർണാടക സ്വദേശിയായ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് സ്വന്തം നായകുട്ടിയുടെ ജന്മദിനം ആഘോഷിച്ചത്. ആഘോഷം എന്ന് പറയുമ്പോൾ ഇത് സാധാരണ പോലൊരു പിറന്നാൾ ആഘോഷമായിരുന്നില്ല. നാലായിരത്തോളം ആളുകൾക്ക് സദ്യ ഒരുക്കി നൂറ് കിലോയോളം വരുന്ന കേക്കും മുറിച്ചാണ് ഇദ്ദേഹം ഈ പിറന്നാൾ ആഘോഷിച്ചത്.
ക്രിഷ് എന്നാണ് ഈ നായയുടെ പേര്. സമൂഹമാധ്യമങ്ങളിൽ ഇമ്രാൻ ഖാൻ എന്നയാൾ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ പിറന്നാളുകാരനായ ക്രിഷ് കേക്കിന് മുമ്പിലായി അതിഥികൾക്ക് നടുവിൽ പർപ്പിൾ നിറത്തിലുള്ള ജന്മദിന തൊപ്പിയും ധരിച്ച് നിൽക്കുന്നത് കാണാം. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയ്ക്കൊപ്പം കർണാടകയിലെ ഒരു ഗ്രാമത്തിൽ 100 കിലോഗ്രാമുള്ള കേക്ക് മുറിച്ച് നായയുടെ പിറന്നാളാഘോഷം നടത്തിയെന്നും ആഘോഷത്തിൽ വെജിറ്റേറിയനും നോൺ- വെജിറ്റേറിയനുമായി 4000-ത്തോളം ആളുകൾക്ക് ഭക്ഷണം നൽകിയെന്നും പറഞ്ഞുകൊണ്ടാണ് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നതും ഏറ്റെടുത്തിരിക്കുന്നതും. എന്നാൽ ഈ പ്രവർത്തിയെ വിമർശിച്ചുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്. ഈ ആഘോഷം അല്പം കൂടിപ്പോയി എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. എന്നാൽ സ്വന്തം വീട്ടിലെ ഒരംഗമാണ് അദ്ദേഹത്തിന് ഈ നായക്കുട്ടിയെന്നും അതിനാലാണ് ഇത്രയും സ്നേഹമെന്നും ആഘോഷമെന്നും പറഞ്ഞുകൊണ്ടും ആളുകൾ പ്രതികരിക്കുന്നുണ്ട്.
A man threw an extravagant #birthdayparty for his #petdog by cutting a 100 kg cake and feeding 4000 people with veg & non veg food in Mudalagi taluk #Belagavi #Karnataka. Later, Shivappa Mardi along with his dog Krish went on a procession with a music band. pic.twitter.com/NPX1M5iKk8
— Imran Khan (@KeypadGuerilla) June 23, 2022
Story highlights: man throws grand birthday party for dog with 100 kg cake, 4,000 guests