‘കണക്കിൽ പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം ചോദിക്കാത്തത് എന്റെ ഭാഗ്യം’- പത്താം ക്ലാസ് വിജയത്തെക്കുറിച്ച് മീനാക്ഷി

June 16, 2022

മീനാക്ഷിയുടെ പത്താംക്ലാസ് വിജയം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഒട്ടേറെ ആളുകളാണ് നടിക്ക് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്. പരിപാടിയിൽ ഏറ്റവുമധികം ചർച്ചയായ ഒരു വിഷയവുമായിരുന്നു മീനാക്ഷിയുടെ പത്താം ക്ലാസ് പരീക്ഷ.

കണക്കിന്റെ കാര്യത്തിൽ എപ്പോഴും കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് വിധികർത്താക്കൾ രസകരമായ നിമിഷങ്ങൾ വേദിയിൽ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഒരുകിലോ പഞ്ഞിക്കാണോ ഒരുകിലോ ഇരുമ്പിനാണോ ഭാരം കൂടുതൽ എന്ന ചോദ്യവും അതിനുള്ള മീനാക്ഷിയുടെ മറുപടിയുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇത്തവണയും അതേചോദ്യത്തിന്റെ പേരിൽ മീനാക്ഷി വേദിയിൽ ചിരി പടർത്തിയിരുന്നു.

ഇപ്പോഴിതാ, പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരിക്കുകയാണ് ഈ മിടുക്കി. ഒൻപതു വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് ബി പ്ലസും നേടിയാണ് മിടുക്കി വിജയം കൈവരിച്ചിരിക്കുന്നത്. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയ മീനാക്ഷി കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. ‘ഒരുപാട് സന്തോഷം അതിലേറെ നന്ദി..പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം’- എന്നാണ് മീനാക്ഷി കുറിക്കുന്നത്.

Read Also: “മരണപ്പെട്ടുപോയ സ്വന്തം നായക്കുട്ടിയെ ഓർത്തു പോയി..”; 777 ചാർളി കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

അതേസമയം, റിസൾട്ട് പങ്കുവെച്ച് കുറിച്ചതും രസകരമായ വാക്കുകൾ ആയിരുന്നു, ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് ഈ മിടുക്കി കുറിച്ചിരുന്നത്. ഫിസിക്‌സിനാണ് മീനാക്ഷി ബി പ്ലസ് നേടിയത്. കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നും പാസായ മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Story highlights- meenakshi about her sslc result