ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്- പത്താം ക്ലാസ് ഫലം പങ്കുവെച്ച് മീനാക്ഷി
ബാലതാരമായി അഭിനയലോകത്തേക്ക് എത്തി അവതാരകയായി തിളങ്ങുകയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. ഫ്ളവേഴ്സ് ടോപ് സിംഗറിലൂടെ ശ്രദ്ധേയയായ മീനാക്ഷി ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ്. മീനാക്ഷിയുടെ പരീക്ഷ ഫലം വന്നു. ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മിടുക്കി കരസ്ഥമാക്കിയിരിക്കുന്നത്.
രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പരീക്ഷ ഫലം പങ്കുവെച്ചിരിക്കുന്നത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്’ എന്നാണ് കുറിച്ചിരിക്കുന്നത്. മീനാക്ഷിക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. അയൽപക്കത്തെ കുട്ടി എന്ന സ്നേഹം മലയാളികൾക്ക് മീനാക്ഷിയോട് ഉണ്ട്. അതുകൊണ്ടുതന്നെ ഈ വിജയം പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, കിടങ്ങൂർ ഗവൺമെന്റ് സ്കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്. പരീക്ഷാഫലത്തിൽ മീനാക്ഷിയുടെ യഥാർത്ഥ പേരും കാണാം. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫിസിക്സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.
സ്കൂൾ വിദ്യാർത്ഥിനിയായ മീനാക്ഷി പരീക്ഷാകാലമായതിനാൽ പാട്ടുവേദിയിൽ നിന്നും ഇടവേളയെടുത്തിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ മീനാക്ഷിക്ക് സ്വീകരണമൊരുക്കിയിരുന്നു പാട്ടുവേദി. ആലിംഗനങ്ങളോടെ പരീക്ഷാ വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് സുഹൃത്തും സഹ അവതാരകയുമായ ശ്രേയക്കുട്ടിയും വിധികർത്താക്കളും സ്വീകരിച്ചത്. ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
രണ്ടാം വയസിൽ അഭിനയലോകത്തേക്ക് എത്തിയതാണ് മീനാക്ഷി. സ്കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.
Read Also: അമ്മക്കുരങ്ങിനും കുഞ്ഞിനുമൊപ്പം മാമ്പഴം പങ്കുവെച്ച് കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ- ഹൃദ്യമായൊരു കാഴ്ച
അതേസമയം, രണ്ടു സിനിമകളിലാണ് മീനാക്ഷി ഇപ്പോൾ വേഷമിട്ടിരിക്കുന്നത്. പ്രകാശം പരത്തുന്ന പെൺകുട്ടിയും, അമീറയും. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അമീറ. സഹോദരൻ ആണ് മീനാക്ഷിക്ക് ഒപ്പം വേഷമിട്ടിരിക്കുന്നതും.
Story highlights- meenakshi anoop’s sslc result