“ഞങ്ങളൊക്കെ ഒരേ കുടുംബമാണ്, നമ്മുടെ കോലി എന്ന് പറയുന്നതിൽ തെറ്റില്ല..”; വിരാട് കോലിയുമായുള്ള സൗഹൃദത്തെ പറ്റി പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ
വളരെ ചുരുങ്ങിയ സമയം കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമായി മാറിയ ബാറ്ററാണ് പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ. കഴിഞ്ഞ 2 വർഷത്തിനിടയിൽ മികച്ച പ്രകടനമാണ് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പർ കൂടിയായ റിസ്വാൻ കാഴ്ച്ചവെച്ചിട്ടുള്ളത്. 2021 ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ 79 റൺസ് നേടിയ റിസ്വാനാണ് പാകിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നത്.
മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുമായി മികച്ച സൗഹൃദമാണ് റിസ്വാനുള്ളത്. ഇരുവരും തമ്മിലുള്ള സൗഹൃദം നേരത്തെ തന്നെ ശ്രദ്ധേയമായിട്ടുണ്ട്. 2021 ലോകകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം മൈതാനത്ത് സൗഹൃദ നിമിഷങ്ങൾ പങ്കിടുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോൾ കോലിയുമായുള്ള സൗഹൃദത്തെ പറ്റി മുഹമ്മദ് റിസ്വാൻ ഒരു അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങളാണ് ആരാധകർക്ക് കൗതുകമാവുന്നത്. ലോകകപ്പ് മത്സരത്തിലാണ് താൻ ആദ്യമായി കോലിയെ കാണുന്നതെന്നാണ് റിസ്വാൻ പറഞ്ഞത്. കോലിയുടെ മൈതാനത്തെ ആക്രമണോൽസുകതയെ പറ്റി താൻ പലതും കേട്ടിരുന്നുവെന്നും എന്നാൽ നേരിട്ട് കണ്ടപ്പോൾ മറ്റൊരു അനുഭവമാണ് ഉണ്ടായതെന്നും പറയുകയാണ് റിസ്വാൻ.
അന്ന് പരസ്പരം ഇടപെട്ടത് വെച്ച് നോക്കുകയാണെങ്കിൽ തങ്ങൾ ഒരു കുടുംബമാണെന്ന് പറയാൻ കഴിയുമെന്നും റിസ്വാൻ പറഞ്ഞു. കോലിയെ നമ്മുടെ കോലി എന്ന് പറയുന്നതിൽ തെറ്റില്ലെന്നും താരം പറഞ്ഞു. കളിക്കുമ്പോൾ വാശിയോടെ തങ്ങളുടെ ടീമിന് വേണ്ടി തന്നെയാവും കളിക്കുന്നതെങ്കിലും കളിക്കളത്തിന് പുറത്ത് ക്രിക്കറ്റ് താരങ്ങളെല്ലാം ഒരു കുടുംബം പോലെയാണെന്നും മുഹമ്മദ് റിസ്വാൻ കൂട്ടിച്ചേർത്തു.
കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്ക്കൊപ്പമുള്ള അടുത്ത സൗഹൃദത്തെ പറ്റിയും റിസ്വാൻ അഭിമുഖത്തിൽ വാചാലനായി.
Story Highlights: Mohammed rizvan about his friendship with virat kohli