“സച്ചിന് ശേഷം ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല..”; സഞ്ജു സാംസണിൽ നിന്ന് തനിക്ക് കിട്ടിയ വിലപ്പെട്ട സമ്മാനത്തെ പറ്റി മനസ്സ് തുറന്ന് സംവിധായകൻ ജോണി ആൻറണി

June 8, 2022

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആൻറണി. നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച ജോണി ആൻറണി ഇപ്പോൾ തിരക്കുള്ള ഒരു അഭിനേതാവ് കൂടിയാണ്. വലിയ ഹിറ്റായ ‘വരനെ ആവശ്യമുണ്ട്’, ‘ഹോം’ തുടങ്ങിയ ചിത്രങ്ങളിൽ ജോണി ആൻറണി അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകരുടെ വലിയ കൈയടിയാണ് നേടിയത്. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്.

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനോടൊപ്പമുള്ള ചിത്രങ്ങളാണ് ജോണി ആൻറണി പങ്കുവെച്ചത്. താരത്തിന് സമ്മാനമായി രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സി സഞ്ജു നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ജോണി ആൻറണി പങ്കുവെച്ചത്. അതിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പും ജോണി ആൻറണി പങ്കുവെച്ചിരുന്നു.

സച്ചിന് ശേഷം താൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല എന്നാണ് താരം സഞ്ജുവിനെ പറ്റി പറയുന്നത്. തനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജുവും രാജസ്ഥാൻ ടീമുമെന്നും ആ ഇഷ്‌ടം അറിയുന്നതിനാലാവാം സഞ്ജു തന്നെ ഫോൺ വിളിക്കുകയും ടീമിന്റെ ജേഴ്‌സി നൽകുകയും ചെയ്‌തിരിക്കാമെന്നാണ് ജോണി ആൻറണി പറയുന്നത്. ഈ ചെറിയ പ്രായത്തിൽ തന്നെ സഞ്ജു കാണിക്കുന്ന പക്വതയാർന്ന പെരുമാറ്റവും വിനയവും തന്നെ അത്ഭുതപ്പെടുത്തിയെന്നും ജോണി ആൻറണി കൂട്ടിച്ചേർത്തു.

അതേ സമയം മലയാളത്തിന്റെ സൂപ്പർ താരം സുരേഷ് ഗോപിക്കും സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സി സമ്മാനിച്ചിരുന്നു. സിനിമ ജീവിതത്തിൽ 250 ചിത്രങ്ങൾ പൂർത്തിയാക്കിയ സുരേഷ് ഗോപിയോടുള്ള ആദരസൂചകമായിട്ടാണ് രാജസ്ഥാൻ റോയൽസ് ജേഴ്‌സി അയച്ചു കൊടുത്തത്. 250–ാം നമ്പർ ജേഴ്‌സിയാണ് രാജസ്ഥാൻ നടന് അയച്ചു കൊടുത്തത്. താഴെ സുരേഷ് ഗോപിയുടെ ചുരുക്കപ്പേരായ എസ് ജി എന്നെഴുതിയിട്ടുമുണ്ട്.

Read More: രാജസ്ഥാൻ റോയൽസിന്റെ 250–ാം നമ്പർ ജേഴ്‌സിയിൽ ഇനി സുരേഷ് ഗോപി; സ്നേഹോപഹാരത്തിന് സഞ്ജു സാംസണും ടീമിനും നന്ദി പറഞ്ഞ് നടൻ

തനിക്കയച്ചു തന്ന സ്നേഹോപഹാരത്തിന് സുരേഷ് ഗോപി രാജസ്ഥാൻ റോയൽസ് ടീമിനും നായകൻ സഞ്ജു സാംസണും നന്ദി അറിയിച്ചിരുന്നു. തന്റെ ട്വീറ്റിലൂടെയാണ് നടൻ ജേഴ്‌സിക്ക് നന്ദി അറിയിച്ചത്.

Story Highlights: Johny antony shares pictures with sanju samson and praises him