മിശ്രവിവാഹം പ്രമേയമാക്കി നസ്രിയ നായികയാകുന്ന ചിത്രം; ട്രെയ്‌ലർ പുറത്ത്

June 3, 2022

സമൂഹത്തിൽ കാലങ്ങളായി ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മിശ്രവിവാഹം. മിശ്രവിവാഹത്തെ എതിർക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നും സമൂഹത്തിലുണ്ട്. ഇപ്പോഴിതാ ഈ വിഷയം പ്രമേയമാക്കി ഒരുങ്ങുന്നു എന്ന് കരുതുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നസ്രിയ നായികയായി എത്തുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത് നാനിയാണ്. നസ്രിയ, ലീല തോമസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് ശബ്ദം നൽകുന്നതിന് വേണ്ടി തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന താരത്തിന്റെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഒരു റൊമാന്റിക് കോമഡി എന്റർടൈനറായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിൽ ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് പറയുന്നത് എന്നാണ് സൂചന. നസ്രിയയ്ക്ക് പുറമെ നദിയ മൊയ്തുവും സിനിമയിൽ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം മലയാളി താരം തൻവി റാം, രാഹുൽ രാമകൃഷ്ണ, സുഹാസ് എന്നിവരും സിനിമയിൽ അഭനയിക്കുന്നുണ്ട്. വിവേക് അത്രേയ സംവിധാനം നിർവഹിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമിക്കുന്നത്. സിനിമ ജൂൺ 10 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Read also: റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ്; തൃക്കാക്കരയിൽ വിജയം ഉറപ്പിച്ചു

തെന്നിന്ത്യ സിനിമ പ്രേമികളുടെ ഇഷ്ടനടിയായ നസ്രിയ വിവാഹ ശേഷം വളരെ കുറഞ്ഞ കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിച്ചിട്ടു. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ചിത്രം എത്തുന്നുവെന്നറിഞ്ഞതുമുതൽ ഏറെ ആവേശത്തിലാണ് സിനിമ ആരാധകർ. മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് ‘കൂടെ’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. നസ്രിയയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം ‘മണിയറയിലെ അശോക’നാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് താരം എത്തിയത്.

Story highlights: Nasriya’s latest film talks about inter cast marriage- trailer out