‘എനിക്ക് തന്നെ വേണല്ലോ ഒരു ബിരിയാണി..’- മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് പാറുക്കുട്ടി

June 23, 2022

മലയാളം ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിറ്റ്‌കോം ആണ് ‘ഉപ്പും മുളകും’. ഒരിടവേളയ്ക്ക് ശേഷം വീണ്ടും വന്നപ്പോഴും ആരാധകർ ആവേശത്തിലാണ്. രണ്ടാം സീസണിലും ആദ്യ ഭാഗത്തെ ആളുകൾ തന്നെയാണ് അണിനിരക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത്തവണ പരിപാടിയുടെ ശ്രദ്ധകവരുന്നത് പാറുക്കുട്ടിയാണ്. എല്ലാവർക്കുമൊപ്പം ഡയലോഗുകൾ പറയാനും പാറുക്കുട്ടി പഠിച്ചതോടെ ഉപ്പും മുളകും കൂടുതൽ രസകരമായി.

ഇപ്പോഴിതാ, പാറുക്കുട്ടിയുടെ രസകരമായ ഡയലോഗുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. എല്ലാ എപ്പിസോഡുകളിലും പാറുവിന് ഡയലോഗുകൾ ഉണ്ട്. ലച്ചു ബിരിയാണി വാങ്ങിക്കൊണ്ടുവന്ന എപ്പിസോഡിൽ താരമാകുന്നത് പാറുക്കുട്ടിയാണ്. എല്ലാവർക്കുമായി രണ്ടു ബിരിയാണിയാണോ വാങ്ങികൊണ്ടുവന്നത് എന്ന് ശിവാനി ചോദിക്കുമ്പോൾ ‘ എനിക്ക് തന്നെ വേണല്ലോ ഒരു ബിരിയാണി’ എന്ന് പറഞ്ഞുകൊണ്ട് പാറുക്കുട്ടി പിന്തുണയ്ക്കുന്നു. ‘നീ ഒരു ബിരിയാണി കഴിക്കാറായത് ഞാൻ അറിഞ്ഞില്ലാല്ലോ’ എന്ന് ലച്ചു ചോദിക്കുമ്പോൾ ‘അതൊക്കെ എപ്പോഴേ ആയി’ എന്ന് പാറുക്കുട്ടി പറയുന്നു.

ജനിച്ച് നാലുമാസം പ്രായമുള്ളപ്പോൾ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ കുഞ്ഞുതാരമാണ് ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയയായ പാറുക്കുട്ടി. അമേയ എന്നാണ് യഥാർത്ഥ പേരെങ്കിലും പാറുക്കുട്ടി എന്ന പേരിലാണ് ഈ കുഞ്ഞുമിടുക്കി അറിയപ്പെടുന്നത്. ആദ്യമൊക്കെ പാറുക്കുട്ടിയുടെ ഡയലോഗുകൾക്കും ഭാവങ്ങൾക്കും അനുസരിച്ചായിരുന്നു എപ്പിസോഡുകൾ മുന്നേറിയിരുന്നതെങ്കിൽ ഇപ്പോൾ പാറുക്കുട്ടിയും സ്ക്രിപ്റ്റ് അനുസരിച്ച് അഭിനയിക്കാനൊക്കെ പഠിച്ചു.

Read Also: ബാഹുബലിയോളം വരുമോ, കാത്തിരുന്ന് കാണാം; ആരാധകരെ ആവേശത്തിലാക്കി രൺബീറിന്റെ ‘ഷംഷേര’യുടെ ടീസറെത്തി

അതേസമയം, മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. ഉപ്പും മുളകിനോളം സ്വീകാര്യത ലഭിച്ച മറ്റൊരു ഹാസ്യ പരമ്പരയില്ല എന്നതിൽ തർക്കമില്ല. മിനിസ്‌ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും. 

Story highlights- parukkutty’s funny dialogue