‘കടുവ’ എത്താൻ വൈകും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്

June 27, 2022

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 30 ന് തിയേറ്ററിൽ എത്തുമെന്നറിയിച്ച സിനിമയുടെ റിലീസ് വീണ്ടും മാറ്റിവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ ഏഴിന് ആയിരിക്കും സിനിമ എത്തുക എന്നാണ് പൃഥ്വിരാജ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പ്രേക്ഷകർ വളരെയേറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ‘കടുവ’. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകനായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിവേക് ഒബ്‍റോയ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.

Read also: വാക്കുകൾക്കും അതീതമാണ് ഈ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ

ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്‌സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.

Story highlights; Prithviraj film kaduva release postponed