അവഗണനകൾ ഇന്ധനമാക്കിയ ക്രിക്കറ്റ് ജീവിതം; ഇന്ത്യൻ ജേഴ്സിയിൽ 15 വർഷങ്ങൾ പൂർത്തിയാക്കി ഹിറ്റ്മാൻ രോഹിത് ശർമ്മ
ക്രിക്കറ്റ് ജീവിതത്തിലുടനീളം മാറ്റിനിർത്തലുകളും അവഗണനകളും നേരിട്ട താരമാണ് രോഹിത് ശർമ്മ. വളരെ നേരത്തെ തന്നെ ക്രിക്കറ്റിൽ എത്തിയെങ്കിലും മാറ്റിനിർത്തലുകൾ കാരണം കുറെ വർഷങ്ങൾ ദേശീയ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട് രോഹിത്തിന്. എന്നാൽ പിന്നീടുള്ള താരത്തിന്റെ തിരിച്ചു വരവ് ഏതൊരു കായിക താരത്തെയും അസൂയപ്പെടുത്തുന്നതാണ്.
2007 ലാണ് രോഹിത് ആദ്യമായി ദേശീയ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ രോഹിത്തിന്റെ മികച്ച പ്രകടനം സെലക്ടർമാർ ശ്രദ്ധിച്ചതോടെയാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കുന്നത്. ആ വർഷം ജൂണ് 23 ന് അയര്ലന്ഡിനെതിരേ ബെല്ഫാസ്റ്റിലെ സിവില് സര്വീസ് ക്രിക്കറ്റ് ക്ലബ്ബ് മൈതാനത്താണ് ഹിറ്റ്മാൻ അരങ്ങേറുന്നത്. പക്ഷെ പലപ്പോഴും മോശം ഫോം രോഹിത്തിന് വിനയാവുകയായിരുന്നു. പ്രതീക്ഷയ്ക്കൊത്ത് താരത്തിന് ഉയരാൻ പറ്റാതെ വന്നതോടെ പലപ്പോഴും രോഹിത്തിന് ടീമിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.
2011 ലോകകപ്പാണ് രോഹിത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ലോകകപ്പ് ടീമിൽ ഇടം നേടാൻ കഴിയാതിരുന്ന താരം കടുത്ത നിരാശയിലായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം രോഹിത് തന്റെ നിരാശയും വിഷമവും പങ്കുവെച്ചിരുന്നു. അതിന് ശേഷം രോഹിത്തിന്റെ കളിയോടുള്ള സമീപനം വരെ മാറുകയായിരുന്നു.
ഒടുവിൽ 2013 ലാണ് രോഹിത് വീണ്ടും ടീമിലേക്ക് തിരിച്ചെത്തുന്നത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ നിർണായക തീരുമാനമാണ് രോഹിത്തിനെ വീണ്ടും ടീമിലേക്കെത്തിച്ചത്. ആ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള ഉത്തരവാദിത്തം ധോണി രോഹിത്തിനെ ഏൽപ്പിച്ചു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിൽ മാത്രമല്ല ലോക കായിക ചരിത്രത്തിൽ തന്നെ ഒരു പുതിയ ഏട് ചേർക്കപ്പെടുകയായിരുന്നു.
വമ്പൻ പ്രകടനങ്ങൾ തുടർച്ചയായി കാഴ്ച്ചവെച്ച രോഹിത് ഏകദിന ക്രിക്കറ്റിൽ 3 ഇരട്ട സെഞ്ചുറികളാണ് നേടിയത്. 2013 നവംബര് 13-ന് ശ്രീലങ്കയ്ക്കെതിരേ കൊല്ക്കത്ത ഈഡന് ഗാര്ഡന്സില് 264 റണ്സെന്ന ഏകദിനത്തിലെ ഏറ്റവും ഉയര്ന്ന സ്കോറും രോഹിത് സ്വന്തമാക്കി. 2019 ലോകകപ്പിൽ 5 സെഞ്ചുറികൾ നേടി ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായും രോഹിത് മാറി.
Read More: രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാൻ പോകുന്നതാര്..?; പ്രവചനവുമായി മുൻ ഇന്ത്യൻ താരം
ഏറ്റവും അവസാനം വിരാട് കോലിക്ക് ശേഷം ഇന്ത്യൻ ടീമിനെ നയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തവും രോഹിത്തിലേക്ക് തന്നെ എത്തി. ഇപ്പോൾ തന്റെ നീണ്ട ക്രിക്കറ്റ് യാത്രയിൽ ഒപ്പമുണ്ടായിരുന്നവർക്കൊക്കെ നന്ദി അറിയിച്ചു കൊണ്ട് രോഹിത് സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
𝟭𝟱 𝘆𝗲𝗮𝗿𝘀 in my favourite jersey 👕 pic.twitter.com/ctT3ZJzbPc
— Rohit Sharma (@ImRo45) June 23, 2022
Story Highlights: Rohith sharma completes 15 years in indian team